രണ്ട് വഴി തന്നെ: ബിജെപി സഖ്യത്തെ അംഗീകരിക്കാന്‍ സാധിക്കില്ല, ഗൗഡയോട് കാര്യം പറഞ്ഞ് ജെഡിഎസ് കേരള ഘടകം
തിരുവനന്തപുരം: ബി ജെ പിയുമായി ചേർന്ന് പോകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജെ ഡി എസ് സംസ്ഥാന നേതൃത്വം. എന്‍ ഡി എയില്‍ ചേരാനുള്ള തീരുമാനത്തിലെ അതൃപ്തി പാർട്ടി കേരള നേതൃത്വം എച്ച് ഡി ദേവഗൗഡയെ നേരിട്ട് അറിയിച്ചു. ഒരു കാരണവശാലും ബി ജെ പിയുമായി ചേർന്ന് പോകാന്‍ സാധിക്കില്ലെന്നാണ് ജെ ഡി എസ് സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി തോമസ് വ്യക്തമാക്കിയത്.
ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേരള ഘടകത്തിന്റെ വികാരം പാർട്ടി ദേശിയ അധ്യക്ഷന്‍ ഉള്‍ക്കൊണ്ടെന്ന് മാത്യൂ ടി തോമസ് പറഞ്ഞു. 2006 ലും ജെഡിഎസ്, എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് എല്‍ ഡി എഫിനോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ആ രീതി പുതിയ സാഹചര്യത്തിലും സ്വീകരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഏഴാം തിയതി തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സമിതി ചേരുന്നുണ്ട്. സമതിയില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. ജെ ഡി എസിന്റെ എന്‍ ഡി എ പ്രവേശനം കേരളത്തില്‍ യു ഡി എഫ് ആയുധമാക്കുന്നുണ്ട്. എൻ ഡി എ ഘടകകക്ഷിയായ ജെ ഡി എസിന് രാഷ്ട്രീയ സംരക്ഷണം നൽകി എൽ ഡി എഫിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്നത് സി പി എമ്മാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകൾ ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ ജെ ഡി എസിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി പി എം നേതൃത്വവും. ദേശീയ തലത്തിൽ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ ജെ ഡി എസിന്റെ മന്ത്രി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലും പങ്കെടുത്തു. കേരളത്തിൽ എൻ ഡി എ - എൽ ഡി എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയിൽ ചേർന്നതായി ജെ ഡി എസ് പ്രഖ്യാപനം വന്ന് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയും എൽ ഡി എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എൻ ഡി എ സഖ്യകക്ഷിയായ ജെ ഡി എസ് ഏത് സാഹചര്യത്തിലാണ് എൽ ഡി എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും തയാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications