സാധാരണ ലേറ്റായി ഉറങ്ങുന്ന വ്യക്തി, വീട്ടുകാര്‍ എപ്പോഴും ചോദിക്കുന്നത്... അനില്‍ ആന്റണി പറയുന്നു
പത്തനംതിട്ട: ആന്റോ ആന്റണിയും അനില്‍ ആന്റണിയും തോമസ് ഐസകും കച്ച മുറുക്കി ഇറങ്ങിയ മണ്ഡലമാണ് പത്തനംതിട്ട. സിറ്റിങ് മണ്ഡലം തന്നോടൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ആന്റോ ആന്റണിക്ക്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കരുത്തനാണ് തോമസ് ഐസക്. തന്റേതായ ശൈലിയില്‍ വേറിയ പ്രചാരണമാണ് അദ്ദേഹത്തിന്റെ ആയുധം. അതിനിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ് അനില്‍ ആന്റണി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി, ആന്റോ ആന്റണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമ്പോള്‍ മകന്‍ അനില്‍ ആന്റണി ബിജെപി സ്ഥാനാര്‍ഥിയായതിലെ കൗതുകമാണ് വോട്ടര്‍മാര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആവേശം പകര്‍ന്നതാണ് അനിലിന്റെ കരുത്ത്. വികസനം ആഗ്രഹിക്കുന്ന പുതുതലമുറ തനിക്ക് വോട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ബിജെപിയുടെ എ ക്ലാസ് മണ്ഡമാണ് പത്തനംതിട്ട. ശബരിമല കൂടി ഉള്‍പ്പെടുന്ന ഈ മണ്ഡലം പാര്‍ട്ടിക്കൊപ്പം പോരുമെന്ന് നേതൃത്വം കരുതുന്നു. ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരുടെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം ഉയര്‍ന്നു കേട്ടിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അനില്‍ ആന്റണിയുടെ വരവ്. അവഗണിച്ചതിലുള്ള നീരസം പിസി ജോര്‍ജ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
അനില്‍ ആന്റണിയെ മണ്ഡലത്തില്‍ ആര്‍ക്കുമറിയില്ല എന്നായിരുന്നു പിസി ജോര്‍ജിന്റെ 'നെറ്റി ചുളിക്കല്‍'. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം അനില്‍ ആന്റണി നേരിട്ടെത്തി പിസി ജോര്‍ജിനെ ആശ്വസിപ്പിച്ചു. തന്നോടൊപ്പം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാം സമവായത്തിലെത്തിച്ചുവെന്ന് കരുതാമെങ്കിലും പിസി ജോര്‍ജിന്റെ മനസിലെന്ത് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
എല്ലാ തടസങ്ങളും മറികടന്ന് അനില്‍ ആന്റണി പ്രചാരണം തുടരുന്നത് വലിയ ആത്മവിശ്വാസത്തിലാണ്. സാധാരണ വൈകി ഉറങ്ങി ഏറെ നേരം കഴിഞ്ഞ് എഴുന്നേല്‍ക്കുന്ന രീതിയാണ് തനിക്കുണ്ടായിരുന്നത് എന്ന് അനില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങിയതോടെ എല്ലാത്തിലും മാറ്റം വന്നു. രാവിലെ ആറര മുതല്‍ ഇന്ററാക്ഷന്‍ പരിപാടി തുടങ്ങുമെന്ന് അദ്ദേഹം പറയുന്നു.
മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും എത്തിപ്പെടാനുള്ള ശ്രമത്തിലാണെന്ന് വിശദീകരിച്ച അനില്‍ ആന്റണി താനൊരു വര്‍ക്ക് ഹോളിക്കാണെന്നും പറയുന്നു. ഭക്ഷണം കൃത്യമായ സമയം കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. വീട്ടില്‍ നിന്നാരും തന്റെ പ്രചാരണത്തിന് വരില്ല. വീട്ടിലെ രീതി വേറെയാണ്. പപ്പ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച വേളയിലും അങ്ങനെ തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെതില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ വീട്ടിലെ രീതിയെന്നും അനില്‍ സൂചിപ്പിച്ചു.
വീട്ടിലുള്ളവര്‍ തന്റെ രാഷ്ട്രീയ കാര്യങ്ങള്‍ ചോദിക്കാറില്ല. ആരോഗ്യം സൂക്ഷിക്കണം എന്നൊക്കെ എപ്പോഴും പറയാറുണ്ട്. പ്രചാരണ രംഗത്ത് കൂടുതല്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. മണ്ഡലത്തിലെ എല്ലാവരെയും കാണുന്നുണ്ട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്, ബിജെപി എന്ന വേര്‍ത്തിരിവില്ലെന്നും അനില്‍ ആന്റണി വിശദീകരിച്ചു. 2019ല്‍ കെ സുരേന്ദ്രന്‍ മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച മണ്ഡലമാണ് പത്തനംതിട്ട. ഇവിടെ അനില്‍ തിളങ്ങുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications