'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുവായൂരിന് ഇതുവരെ ഹിന്ദു എംഎല്‍എ ഇല്ലെന്നതടക്കമുളള പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണന്‍ നടത്തിയിരിക്കുന്നത്.
ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ് താൻ ഇവിടേക്ക് വന്നിരിക്കുന്നതെന്നും അരനൂറ്റാണ്ടായി ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടേയും അമ്പല വിരോധികളുടേയും കയ്യിലാണ്. എന്തുകൊണ്ട് ഗുരുവായൂരിന് ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
ബി ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ: '' ഇന്നും 48% ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല.. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല.. തൊട്ടു ചേർന്ന് കിടക്കുന്ന മലപ്പുറം ജില്ലയിൽ ആവട്ടെ സംവരണ മണ്ഡലം ഒഴികെ ഒരിടത്തും വലതനു ഹിന്ദു വിഭാഗത്തിൽ നിന്ന് സ്ഥാനാർഥി ഇല്ല.. എന്താല്ലേ മതേതര കേരളം.. ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയിൽ നിന്ന് അമ്പലം കൊള്ളക്കാരെയും വർഗ്ഗീയ മതരാഷ്ട്ര വാദികളെയും ആട്ടി ഓടിക്കാനുള്ള സമയമായി.. അതിനുള്ള നിയോഗം എനിക്കാണ് കിട്ടിയത്.. ഈ മണ്ണിൽ നമ്മൾ ജയിക്കും.. നമ്മളെ ജയിക്കൂ''.

ബി ഗോപാലകൃഷ്ണന് എതിരെ കെഎസ്യു പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ബി ഗോപാലകൃഷ്ണന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. '' അവിടെ അമ്പല കമ്മിറ്റിയിലേക്കോ പള്ളി കമ്മിറ്റിയിലേക്കോ മഹല്ല് കമ്മിറ്റിയിലേക്കോ അല്ല തിരഞ്ഞെടുപ്പ് ജാതിയും മതവും നോക്കാൻ, നിയമസഭയിലേക്കാണ്'' എന്നതടക്കമുളള കമന്റുകളുമായാണ് ആളുകൾ പ്രതികരിക്കുന്നത്. എന്തായാലും നല്ല ഭൂരിപക്ഷത്തിന് തോൽക്കട്ടെ എന്ന് ആശംസിക്കുന്നു എന്നുളള പരിഹാസങ്ങളുമുണ്ട്.
''മിസ്റ്റർ ഗോപാലകൃഷ്ണൻ, വികസനം ചർച്ചയക്കമല്ലോ. ഇത് കേരളമല്ലേ, നോർത്തിൽ പറയുന്ന പോലത്തെ ഡയലോഗുകൾ ഇവിടെ പറയണോ? പച്ചക്ക് മതം പറഞ്ഞു വോട്ട് ചെയ്യാൻ നാണമില്ലേ സാർ. താങ്കൾ പറഞ്ഞ ആ 48% ഹിന്ദുക്കൾക്ക് വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ടാണ് ഇവിടെ വർഗീയകലാപങ്ങൾ ഇല്ലാതെ സമാധാനമായി ജീവിക്കാൻ കഴിയുന്നത്. അവർക്ക് വിവരം ഉള്ളത് കൊണ്ട് തന്നെയാണ് കൃത്യമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതും'' എന്നാണ് മറ്റൊരു കമന്റ്.
''ശ്രീകൃഷ്ണ നഗരിയിൽ ഞങ്ങൾ അബ്ദുൽ ഖാദറിനെ വിജയിപ്പിക്കും... കേരളത്തിന്റെ മക്കയായ പൊന്നാനിയിൽ ഞങ്ങൾ ശ്രീരാമകൃഷ്ണനെയും വിജയിപ്പിക്കും... അതാണെടോ കേരളം.. അതാവണമെടോ കേരളം'' എന്നും ''പച്ചക്ക് വർഗീയത പറയാതെ ... രാഷ്ട്രീയം പറയാൻ ഉണ്ടെങ്കിൽ പറയടോ... ഇത് നിയമസഭ തിരഞ്ഞെടുപ്പ് ആണ്.. അല്ലാതെ ശാഖയിലെ തിരെഞ്ഞെടുപ്പ് അല്ല'' എന്നും കമന്റുകളുണ്ട്.












Click it and Unblock the Notifications