സൈബർ വാർ റൂമുകൾ സജ്ജമാക്കി സിപിഎമ്മും ബിജെപിയും കോൺഗ്രസും, ബിജെപിക്ക് ബൈക്ക് ടീമും
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് കേരളത്തില്‍ രണ്ടും കല്‍പ്പിച്ചുളള കളിയാണ്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറന്നേ പറ്റൂ എന്ന് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉഗ്രശാസന നല്‍കിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നത് കേരളത്തില്‍ ബിജെപിക്ക് അനുകൂല അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ ഇതിലും മികച്ചൊരു അവസരം ഇനി ലഭിക്കില്ലെന്നും ബിജെപി കരുതുന്നു. പതിവ് വിട്ട് ആര്‍എസ്എസും ബിജെപിക്കൊപ്പമിറങ്ങും. കോണ്‍ഗ്രസും സിപിഎമ്മും രണ്ടും കല്‍പ്പിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ മൂവരും വാര്‍ റൂമുകള്‍ തുറന്ന് കഴിഞ്ഞു.

ആർഎസ്എസ് നേരിട്ടിറങ്ങുന്നു
ദേശീയ തലത്തിലുളളത് പോലെ ശക്തമായ സംഘടനാ സംവിധാനം ആര്‍എസ്എസ് സഹായത്തോടെ കേരളത്തിലും ഒരുക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് നേരിട്ട് കളത്തില്‍ ഇറങ്ങിയിട്ടില്ലായിരുന്നു. തെരഞ്ഞെടുപ്പ് ബിജെപിയുടെ കാര്യമാണ് എന്ന നിലപാടായിരുന്നു ഇതുവരെ ആര്‍എസ്എസ് സ്വീകരിച്ച് പോന്നത്.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക്
എന്നാല്‍ ഇത്തവണ കാര്യങ്ങളെല്ലാം മാറിമറയുകയാണ്. ആര്‍എസ്എസ് നേരിട്ട് തന്നെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നു. ശബരിമല സമരത്തില്‍ ബിജെപിയെ പിന്നോട്ട് തള്ളിയാണ് ആര്‍എസ്എസ് നേതൃത്വത്തിലുളള ശബരിമല കര്‍മ്മ സമിതി മുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഇനി ആര്‍എസ്എസിന്റെ മുന്‍കൈയുണ്ടാകും.

ബിജെപിക്ക് ബൈക്ക് ടീമുകൾ
ബിജെപിക്കും ആര്‍എസ്എസിനും പ്രത്യേകം പ്രത്യേകം പരിപാടികളാണ്. ബിജെപിക്ക് ബൂത്ത് തലത്തില്‍ ബൈക്ക് ടീമുകളും ആര്‍എസ്എസിന് ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കോ-ഓര്‍ഡിനേറ്റര്‍മാരുമുണ്ടാകും. ബൈക്ക് ടീമിലുണ്ടാവുക പ്രവര്‍ത്തനസജ്ജരായ അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആയിരിക്കും.

സംസ്ഥാന തലത്തിൽ കോ ഓർഡിനേറ്റർമാർ
ഇവരെ സഹായിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും 5 പേരുടെ മറ്റൊരു സംഘത്തിനും ബൂത്ത് തലത്തില്‍ ചുമതല നല്‍കും. മറുവശത്ത് ആര്‍എസ്എസ് നേരിട്ട് സംസ്ഥാന തലത്തില്‍ കോര്‍ഡിനേറ്റര്‍മാരെ നിയോഗിച്ച് കഴിഞ്ഞു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

വൻ സജ്ജീകരണം
ഈ കോള്‍ സെന്ററുകള്‍ ആര്‍എസ്എസിന്റെ നേരിട്ടുളള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുക. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന് ആണ് കോള്‍ സെന്ററുകളുടെ മേല്‍നോട്ട ചുമതല. ഓരോ ബൂത്ത് കേന്ദ്രീകരിച്ചും ഇന്‍ ചാര്‍ജുമാരെ നിയോഗിക്കും. ലോക്‌സഭാ മണ്ഡലത്തില്‍ ഘടകക്ഷി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി 36 അംഗ സംഘത്തേയും നിയോഗിക്കും.

സൈബർ വാർ റൂമുകൾ
ബിജെപി മാത്രമല്ല കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ മൂന്ന് മുന്നണികള്‍ക്കും വേണ്ടി കനത്ത പ്രചാരണമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും പ്രത്യേക വാര്‍ റൂമുകള്‍ തുറന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയ തെരഞ്ഞെടുപ്പില്‍ വലിയ പങ്ക് വഹിക്കുമെന്ന് മൂന്ന് പേരും കണക്ക് കൂട്ടുന്നു

വളണ്ടിയർമാർ റെഡി
സൈബര്‍ വാര്‍ റൂമുകള്‍ സജ്ജമാക്കുന്നതിന് വേണ്ടി പുതിയ ആളുകളെ ക്ഷണിച്ച് കൊണ്ട് മൂന്ന് കക്ഷികളും പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പ്രവര്‍ത്തിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വളണ്ടിയര്‍മാരെ തേടുകയാണ് പാര്‍ട്ടികള്‍. സിപിഎം പോസ്റ്ററിട്ട് 24 മണിക്കൂറിനകം തന്നെ ഒന്നാം ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ബിജെപിയും കോണ്‍ഗ്രസും കട്ടയ്ക്ക് മത്സരത്തിലാണ്.












Click it and Unblock the Notifications