വോ​ട്ടു​ചോ​ർ​ച്ചക്കും ഘ​ട​ക ക​ക്ഷി പ്രീ​ണ​നത്തിനും മറുപടി വേണം - ബിജെ​പി സംസ്ഥാന കോർ കമ്മിറ്റി നാളെ

എ ​ക്ലാ​സ്​ ആയി കണക്കാക്കിയ മ​ണ്ഡ​ല​ങ്ങ​ളിൽ പോലുമുള്ള വോട്ടുചോർച്ച, ഘടക കക്ഷികൾക്ക്, പ്രത്യേകിച്ച് ട്വന്റി20ക്ക് വാ​രി​ക്കോ​രി സീ​റ്റു​ക​ൾ ന​ൽ​കി​യത്... തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി നാളെ ചേരുമ്പോൾ പാർട്ടി നേതൃത്വം ഈ രണ്ട് വിഷയങ്ങളിൽ ചോദ്യശരങ്ങൾ നേരിടേണ്ടി വരും. ബിജെപി​ക്ക്​ വ്യ​ക്​​ത​മാ​യ സ്വാ​ധീ​ന​മു​ള്ള പ​ല മ​ണ്ഡ​ല​ങ്ങ​ൾ പോലും ഘടക കക്ഷികൾക്ക് നൽകിയെന്നും അ​വി​ട​ങ്ങ​ളി​ൽ പ​ല​തി​ലും പാർട്ടി വോ​ട്ടു​ക​ൾ കു​റ​ഞ്ഞെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തന്നെ വിലയിരുത്തലുണ്ടായതാണ്. ട്വ​ന്‍റി20ക്ക്​ 19 ​സീ​റ്റു​ക​ൾ ന​ൽ​കി​യ​ത്​ പ​ല​യി​ട​ങ്ങ​ളി​ലും ബി​ജെ​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച വ​രു​ത്തി​യെ​ന്ന അ​ഭി​പ്രാ​യവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

തൃ​പ്പൂ​ണി​ത്തു​റ, കൊ​ടു​ങ്ങ​ല്ലൂ​ർ, പെ​രു​മ്പാ​വൂ​ർ, ഏ​റ്റു​മാ​നൂ​ർ ഉ​ൾ​പ്പെ​ടെ പ​ല നി​ർ​ണാ​യ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൻ​ഡി​എ വോ​ട്ടി​ൽ കു​റ​വ്​ വ​ന്നത് കോർ കമ്മിറ്റിയിലും 16ന് നടക്കുന്ന ഭാരവാഹി യോഗത്തിലും ചർച്ചയാകും. ​ബി​ജെ​പി​ക്കെ​തി​രെ ഉ​യ​രു​ന്ന വോ​ട്ട്​ മ​റി​ക്ക​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ക്കു​ന്ന​താ​ണ്​ ഈ ​ക​ണ​ക്കു​ക​ളെ​ന്ന ഒരു വിഭാഗത്തിന്റെ വിലയിരുത്തലും യോഗങ്ങൾ ചർച്ച ചെയ്യും.

bjp-1

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ തൃ​ക്ക​രി​പ്പൂ​ർ-3124, പ​യ്യ​ന്നൂ​ർ -2876, മ​ട്ട​ന്നൂ​ർ-408, പേ​രാ​വൂ​ർ-923, എ​ല​ത്തൂ​ർ-500, തി​രു​വ​മ്പാ​ടി-414, വ​ണ്ടൂ​ർ -1039, പെ​രി​ന്ത​ൽ​മ​ണ്ണ-781, തി​രൂ​ർ 463, കോ​ട്ട​ക്ക​ൽ-468, ഷൊ​ർ​ണൂ​ർ- 3709, കോ​ങ്ങാ​ട് -2736, മ​ല​മ്പു​ഴ -1292, പാ​ല​ക്കാ​ട്-1168, ആ​ല​ത്തൂ​ർ-1002, ഒ​ല്ലൂ​ർ-2558, ഇ​രി​ങ്ങാ​ല​ക്കു​ട-7162, പു​തു​ക്കാ​ട്-6875, ചാ​ല​ക്കു​ടി 1271, കൊ​ടു​ങ്ങ​ല്ലൂ​ർ 4271, ഏ​റ്റു​മാ​നൂ​ർ 771, പു​തു​പ്പ​ള്ളി -150, കാ​ഞ്ഞി​ര​പ്പ​ള്ളി 2173, ആ​ല​പ്പു​ഴ-6277, അ​മ്പ​ല​പ്പു​ഴ-6041, മാ​വേ​ലി​ക്ക​ര-7755, ചെ​ങ്ങ​ന്നൂ​ർ-3551, ച​വ​റ- 3199, കൊ​ട്ടാ​ര​ക്ക​ര- 559, പ​ത്ത​നാ​പു​രം- 5333, പു​ന​ലൂ​ർ- 4676, ച​ട​യ​മം​ഗ​ലം- 1267, വ​ട്ടി​യൂ​ർ​ക്കാ​വ്- 2383 എ​ന്നി​ങ്ങ​നെ​യാ​ണ്​ വോ​ട്ട്​ കു​റ​ഞ്ഞ​ത്.

ഇ​തി​ൽ ആ​ല​പ്പു​ഴ, വ​ട്ടി​യൂ​ർ​ക്കാ​വ്, ചെ​ങ്ങ​ന്നൂ​ർ, അ​മ്പ​ല​പ്പു​ഴ, പാ​ല​ക്കാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടു​ചോ​ർ​ച്ച പാർട്ടി ഗൗരവകരമായി തന്നെ പഠിക്കുന്നുണ്ട്. വി​ജ​യി​ക്കു​ക​യോ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തു​ക​യോ ചെ​യ്യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ച് 36 മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ് ബി​ജെ​പി എ ​ക്ലാ​സ് ആയി പരിഗണിച്ച് കൂടുതൽ ഗൗരവത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇ​വി​ട​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ ഫ​ണ്ട് ചെ​ല​വ​ഴിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളെ പ്രചാരണ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. എ​ന്നാ​ൽ, മൂ​ന്നി​ട​ങ്ങ​ളി​ൽ ജ​യി​ക്കാ​നും ആ​റി​ട​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്താ​നു​മേ സാ​ധി​ച്ചു​ള്ളൂയെന്നത് പ്രത്യേക ചർച്ചാവിഷയമാകും.

ഇ​ത്​ എ​ന്തു​കൊ​ണ്ട്​ സം​ഭ​വി​ച്ചെ​ന്ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​ം പാർട്ടിക്കുള്ളിൽ ശക്തമാണ്. പാർട്ടി മുന്നോട്ടുവെക്കുന്ന രാ​ഷ്ട്രീ​യം മാറ്റിവെച്ച് 'വി​ക​സി​ത കേ​ര​ളം’ മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്​ പ​ല​യി​ട​ങ്ങ​ളി​ലും തി​രി​ച്ച​ടി​യാ​യെ​ന്ന അ​ഭി​പ്രാ​യ​വും ശക്തമാണ്. എ​ഫ്.​സി.​ആ​ർ.​എ വി​ഷ​യ​ത്തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക ഇ​ല്ലാ​താ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന വി​മ​ർ​ശ​ന​ത്തിനും യോഗങ്ങളിൽ മറുപടി നൽകേണ്ടി വരും.

അതേസമയം, മൊത്തം വോട്ടുവിഹിതം കുറഞ്ഞെങ്കിലും 20 മണ്ഡലങ്ങളിൽ 20 ശതമാനത്തിലധികം വോട്ട് നേടിയെന്നത് നേട്ടമായി നേതൃത്വത്തിന് ചൂണ്ടിക്കാണിക്കാൻ കഴിയും. കഴിഞ്ഞ ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ കുറവുണ്ടായിട്ടുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ 19.26 ശതമാനം വോട്ട് നേടിയ എൻഡിഎക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ 14.71 ശതമാനം മാത്രമാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ അത് 14.13 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകൾ.

20ഓളം മണ്ഡലങ്ങളിൽ 20 ശതമാനത്തിലേറെ വോട്ടുകൾ നേടിയതിൽ പാർട്ടിക്ക് പ്രതീക്ഷ വെച്ചുപുലർത്തുന്നുമുണ്ട്. നേമം (41.1 ശതമാനം), ചാത്തന്നൂർ (38.5), മഞ്ചേശ്വരം (36.4), കഴക്കൂട്ടം (35.9), പാലക്കാട് (33.8), കാസർകോട് (32.2), ആറ്റിങ്ങൽ (31.3), തിരുവല്ല (33.1), തിരുവനന്തപുരം (30.2) എന്നിങ്ങനെയാണ് വോട്ടു ശതമാനം. നാട്ടിക, വട്ടിയൂർക്കാവ്, ഹരിപ്പാട്, കോഴിക്കോട് നോർത്ത്, കാട്ടാക്കട, കോഴിക്കോട് സൗത്ത്, ഒറ്റപ്പാലം, പൂഞ്ഞാർ, നെടുമങ്ങാട്, പാലാ, തൃശൂർ തുടങ്ങിയ മണ്ഡലങ്ങളിൽ 20 ശതമാനത്തിലധികം വോട്ടു നേടി.

യുഡിഎഫ് അനുകൂല തരംഗം ഇല്ലായിരുന്നെങ്കിൽ പത്ത് സീറ്റെങ്കിലും നേടാമായിരുന്നു എന്ന വിലയിരുത്തലും പാർട്ടി നടത്തുന്നുണ്ട്.

നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ ജയിക്കുകയും ആറ്റിങ്ങൽ, തിരുവല്ല, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തതി​നെ വളർച്ചയായി തന്നെ വിലയിരുത്തുന്നുമുണ്ട്. ഈ വളർച്ച ഭാവിയിൽ ഏത് മുന്നണിയെ ക്ഷീണിപ്പിക്കുമെന്നത് കേരളത്തിൽ നിർണായകമാകുകയും ചെയ്യും.

അതിനിടെ, ട്വന്റി20 ബിജെപിക്കൊപ്പം ചേർന്നത് നിയമസഭ തെരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ എൻഡിഎക്ക് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. 2021ലെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ച വോട്ടിൽ, ട്വന്‍റി20 സഖ്യകക്ഷിയായ ശേഷം വർധന ഉണ്ടായില്ലെന്നാണ് വിവിധ മണ്ഡലങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2021ൽ എറണാകുളത്തെ 14 മണ്ഡലങ്ങളിൽ മത്സരിച്ച എൻഡിഎക്ക് 1,74,065 വോട്ടും എട്ട് മണ്ഡലങ്ങളിൽ മാത്രം മത്സരിച്ച ട്വന്‍റി20ക്ക് 1,45,664 വോട്ടുമാണ് ആകെ ലഭിച്ചത്. ഇതുപ്രകാരം, ട്വന്‍റി20 ഒപ്പം ചേർന്ന ശേഷമുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഏറ്റവും കുറഞ്ഞത് 3,10,729 വോട്ടാണ് ലഭിക്കേണ്ടത്. എന്നാൽ, ലഭിച്ചത് 2,53,137 വോട്ട് മാത്രമാണ്. അതായത് 66,592 വോട്ടിന്‍റെ കുറവാണ് ഉണ്ടായത്.

ട്വന്‍റി20യുടെ വോട്ട് കൂടിയാകുമ്പോൾ ഇത്തവണ വൻ കുതിപ്പ് നടത്താനാവും എന്നായിരുന്നു എൻഡിഎയുടെ കണക്കുകൂട്ടൽ. എന്നാൽ, വികസനവും ബദലും ഉയർത്തിക്കാട്ടി 'സ്വപ്ന രാഷ്ട്രീയം’ പറഞ്ഞ ട്വന്‍റി20ക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒറ്റക്ക് നിന്നപ്പോൾ ലഭിച്ച വോട്ട് പോലും പിടിക്കാൻ ഇത്തവണ സാധിച്ചില്ല. ബിജെപിക്കൊപ്പം ചേർന്നത് ക്രിസ്ത്യൻ-മുസ്‌ലിം ന്യൂനപക്ഷ വിഭാഗം, യുവാക്കൾ, സ്വതന്ത്ര വോട്ടർമാർ എന്നിവരെ ട്വന്‍റി20യിൽ നിന്ന് അകറ്റുകയും ഇത് എൻഡിഎക്ക് തിരിച്ചടിയാവുകയും ചെയ്തെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+