ബിജെപി കറുത്ത കുതിരകളാവും, പത്തിലേറെ സീറ്റ്, 18-20% വോട്ട് വിഹിതം, മലമ്പുഴയും തൃശൂരും പിടിക്കും
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തുമെന്ന വിലയിരുത്തലില്‍ ബിജെപി. ഇടത്- വലത് മുന്നണികളെ ഞെട്ടിക്കുന്ന പ്രകടനം ആവും ബിജെപിയുടേത് എന്നാണ് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിലയിരുത്തുന്നത്.
2016ല്‍ നേമത്ത് മാത്രമാണ് വിജയിച്ചത് എങ്കില്‍ ഇത്തവണ ബിജെപി രണ്ടക്കം തൊടും എന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഇടത്-വലത് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതാണ് ബിജെപിയുടെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

പത്തില്‍ അധികം സീറ്റുകൾ
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. നേമത്തെ നേട്ടം ഇത്തവണ കൂടുതല്‍ മണ്ഡലങ്ങളിൽ ആവര്‍ത്തിക്കാനാവും എന്നാണ് ബിജെപി വിലയിരുത്തുന്നത്. രണ്ടോ മൂന്നോ അല്ല പത്തില്‍ അധികം സീറ്റുകളില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കും എന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍.

7 സീറ്റുകളില്‍ ബിജെപി രണ്ടാമത്
പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമത് എത്തുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 2016ല്‍ 7 സീറ്റുകളില്‍ ബിജെപി രണ്ടാമത് എത്തിയിരുന്നു. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ ആണ് ബിജെപി രണ്ടാമത് എത്തിയത്. കെ സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്ക് ആയിരുന്നു ബിജെപിക്ക് വിജയം നഷ്ടപ്പെട്ടത്.

മഞ്ചേശ്വരത്ത് വിജയം ഉറപ്പ്
ഇത്തവണയും കെ സുരേന്ദ്രന്‍ തന്നെ മത്സരിച്ച മഞ്ചേശ്വരത്ത് വിജയം ഉറപ്പാണെന്നാണ് ബിജെപി കോര്‍ കമ്മിറ്റി വിലയിരുത്തുന്നത്. ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ ക്രോസ് വോട്ടിംഗ് നടന്നതായാണ് പാര്‍ട്ടി സംശയിക്കുന്നത്. എങ്കിലും കുമ്മനം രാജശേഖരന്‍ തന്നെ വിജയിക്കും എന്ന് തന്നെയാണ് ബിജെപി കരുതുന്നത്. ശക്തമായ ത്രികോണ മത്സരം ആണ് ഇത്തവണ നേമത്ത് നടന്നത്.

കാസർകോഡും പാലക്കാടും
നേമം, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, മലമ്പുഴ, കോഴിക്കോട് നോര്‍ത്ത്, തൃശൂര്‍ മണ്ഡലങ്ങളില്‍ ആണ് ബിജെപിക്ക് വിജയ പ്രതീക്ഷയുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 8607 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ രവീശ തന്ത്രി കുണ്ടാര്‍ രണ്ടാമത് എത്തിയത്. പാലക്കാട് ശോഭാ സുരേന്ദ്രന്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോറ്റത്. മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍ രണ്ടാമത് എത്തിയത് 27142 വോട്ടുകള്‍ക്കാണ്.

18 മുതല്‍ 20 ശതമാനം വരെ വോട്ട് വിഹിതം
എംടി രമേശ് മത്സരിക്കുന്ന കോഴിക്കോട് നോര്‍ത്തിലും സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ സംസ്ഥാനത്ത് 18 മുതല്‍ 20 ശതമാനം വരെ വോട്ട് വിഹിതം ലഭിക്കും എന്നാണ് ബിജെപി കോര്‍ കമ്മിറ്റി വിലയിരുത്തുന്നത്. പല മണ്ഡലങ്ങളിലും വിജയം നിര്‍ണയിക്കുന്ന നിര്‍ണായക ശക്തിയാകാനും ബിജെപിക്ക് സാധിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

പാര്‍ട്ടി വോട്ടുകള്‍ ചോർന്നില്ല
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിനും യുഡിഎഫിനും മറിഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ യുഡിഎഫിലേക്കോ എല്‍ഡിഎഫിലേക്കോ പോയിട്ടില്ലെന്നും ബിജെപി വിലയിരുത്തുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ചില മണ്ഡലങ്ങളില്‍ ബിഡിജെഎസ് പ്രവര്‍ത്തനം മോശമായിരുന്നു എന്നാണ് വിമര്‍ശനം.
Recommended Video

നിര്‍ണായക ശക്തിയാവും
യുഡിഎഫിനും എല്‍ഡിഎഫിനും ഇത്തവണ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ ഫലം വരുന്നതോടെ ബിജെപി നിര്‍ണായക ശക്തിയാവും. തലശ്ശേരിയിലേയും ഗുരുവായൂരിലേയും സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിപ്പോയതിന് കാരണം സാങ്കേതിക പിഴവ് മാത്രം ആണെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.












Click it and Unblock the Notifications