തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ,ഭരണം തുലാസിൽ
തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയർ വിവി രാജേഷിൻ്റെ ഓഫീസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. ശാസ്തമംഗലം വാർഡിലെ കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ രാജിയോടെ ഭരണം ഇവിടെ തുലാസിലായി.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നാണ് ശ്രീലേഖലയുടെ വിശദീകരണം. എന്നാൽ മേയർ സ്ഥാനം ലഭിക്കാത്തതിലെ അനിഷ്ടമാണ് രാജിയിൽ കലാശിച്ചിരിക്കുന്നതെന്നാണ് സൂചന. കോർപറേഷൻ തിരഞ്ഞെടുപ്പ് സമയത്ത് ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി പ്രചരണം നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം വിവി രാജേഷിനെ മേയറാക്കി. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ശ്രീലേഖ. പലപ്പോഴായി തൻറെ അതൃപ്തി അവർ പരസ്യമാക്കുകയും ചെയ്തിരുന്നു.ഇതിൽ നേതൃത്വത്തിനും പ്രവർത്തകർക്കുമിടയിൽ ശ്രീലേഖയ്ക്കെതിരെ അമർഷം ശക്തമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ അവർ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ കനത്ത പരാജയമാണ് രുചിച്ചത്. പാർട്ടി ഇവിടെ മൂന്നാം സ്ഥാനത്തായി. ഇതിൽ അവർക്കെതിരെ കടുത്ത ആക്ഷേപം ഉയർന്നിരുന്നു. ഇതെല്ലാമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം രാജിയോടെ കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ സ്വതന്ത്രൻ്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എൻഡിഎയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി ചുരുങ്ങി. ബിജെപിയുടെ 49 കൗൺസിലർമാരിൽ ഒരാളായ ആർ സുഗതൻ കാപ്പ കേസിൽ ജയിലിലാണ്. ഇദ്ദേഹം ആറ് മാസത്തെ അവധിയിലാണ്. ആറ് മാസത്തിന് ശേഷം വീണ്ടും കാപ്പ നീട്ടാൻ തീരുമാനിച്ചാൽ വീണ്ടും അയോഗ്യത പ്രശ്നം ഉടലെടുക്കും. ഇത് ബിജെപിയെ സംബന്ധിച്ച് കൂടുതൽ പ്രതിസന്ധി തീർക്കും. 101 അംഗ കൌണ്‍സിലിൽ എൽഡിഎഫിന് 29 ഉം യുഡിഎഫിന് 21 ഉം അംഗങ്ങളാണ് ഉള്ളത്.
അതിനിടെ ശ്രീലേഖയുമായി പ്രശ്ന പരിഹാരത്തിന് ചർച്ച നടക്കുകയാണെന്ന് മേയർ വിവി രാജേഷ് അറിയിച്ചു. രാജി വയ്ക്കുന്നതായി അറിയിച്ച് ശ്രീലേഖ തനിക്ക് കത്ത് നൽകിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് അവർ വ്യക്തമാക്കിയത്. വിഷയത്തിൽ ബിജെപി നേതൃത്വം ഇടപെടും', രാജേഷ് പറഞ്ഞു. അതേസമയം ശ്രീലേഖയുടേത് സമ്മർദ്ദ തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്. എന്നാൽ ബിജെപി നേതൃത്വം ഇതിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നാണ് ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications
