തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
തിരുവനന്തപുരം കോർപറേഷനിൽ ബി ജെ പിക്ക് തിരിച്ചടി. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി ജെ പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. 20 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സി പി എംപാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി.

ഗുരുദേവൻ, ഉദിയന്നൂർ ദേവി, കാവിലമ്മ, ഭഗവതി , ശ്രീപ്തമനാഭ സ്വാമി, ഭാരതാംബ, തിരുവല്ലം പരശുരാമൻ, ആറ്റുകാൽ അമ്മയ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതി, പത്മനാഭനും മഹാവിഷ്ണുവും, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ , അയ്യപ്പൻ, കാര്യവട്ടം ശ്രീ ധർമ ശാസ്താവ് , പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ എന്നിങ്ങനെയെല്ലാമാണ് ബി ജെ പി കൗൺസിലർമാർ സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെ ചോദ്യം ചെയ്താണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്. 1994ലെ കേരള മുൻസിപ്പാലിറ്റി നിയമം അനുസരിച്ച് ദൈവനാമത്തിലോ സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും അതുകൊണ്ട് തന്നെ കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
നടപടി തിരിച്ചടിയല്ല; മേയർ വിവി രാജേഷ്
ഹൈക്കോടതി വിധി ബി ജെ പിയെ സംബന്ധിച്ച് തിരിച്ചടിയല്ലെന്ന് കോർപറേഷൻ മേയർ വി വി രാജേഷ്. ഹൈക്കോടതി ഒരു നിരീക്ഷണം നടത്തി ഒരു വിധി പറഞ്ഞു. കോടതി ഉത്തരവ് അതുപോലെതന്നെ കൗൺസിലർമാരൊക്കെ അനുസരിക്കും. ഭരണസമിതി ശക്തമായിട്ട് മുന്നോട്ട് പോകും, രാജേഷ് പറഞ്ഞു.
' നിയമപരമായിട്ട് ഞങ്ങൾ ആദ്യം തന്നെ കാര്യങ്ങളൊക്കെ വിലയിരുത്തിയിരുന്നു. ഇതല്ലാതെ വേറെ ദൈവങ്ങളുടെ പേരിലൊക്കെ പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പിന്നെ ഞങ്ങൾ അതൊന്നും പറഞ്ഞ് കേസ് കൊടുത്തു പോയില്ല എന്നേയുള്ളൂ .
ഹൈക്കോടതി 24 മണിക്കൂറിനകം സത്യപ്രതിജ്ഞ ചെയ്യണം എന്ന് പറഞ്ഞിരുന്നെങ്കിൽ അതിനും ഞങ്ങൾ തയ്യാർ ആണ്. ഏതു തരത്തിൽ കോടതി വിധി പറഞ്ഞാലും ആ വിധി ശിരസാവഹിക്കാൻ വേണ്ടി ഞങ്ങൾ തയ്യാർ ആയിരുന്നു. ഇനിയൊരു നിയമപോരാട്ടത്തിനൊന്നും ബി ജെ പി പോകുന്നില്ല. കോടതി വിധിയനുസരിച്ച് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തും', വി വി രാജേഷ് വ്യക്തമാക്കി.












Click it and Unblock the Notifications