ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം;പത്തനംതിട്ട ജില്ലയിലെ ബിജെപി ഹർത്താൽ ഭാഗികം
രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
പത്തനംതിട്ട: ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളും പതിവുപോലെ സർവ്വീസ് നടത്തി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പത്തനംതിട്ട നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷത്തെ തുടർന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി-സംഘപരിവാർ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്തനംതിട്ട വെട്ടിപ്രത്ത് ആർഎസ്എസ് നടത്തിയ ഗുരുദക്ഷിണ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. ഗുരുദക്ഷിണ പരിപാടി നടക്കുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി.

ഇതിനിടെ ആർഎസ്എസ് പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറിൽ സിഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റു. തുടർന്നാണ് പോലീസ് ആർഎസ്എസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത്. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ആർഎസ്എസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ പോലീസുകാരെയും പാർട്ടി പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ ആചരിക്കാൻ അർദ്ധരാത്രിയോടെയാണ് ബിജെപി ആഹ്വാനം ചെയ്തത്. അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സംഘർഷമുണ്ടായ പ്രദേശത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications