'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ
ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിൽ ബിജെപിയെ എവിടെ എത്തിച്ചു എന്നും ഷോൺ ജോർജും പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന്', എന്നാണ് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്.
ചത്തിസ്ഗഡ് പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ് ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരള ബിജെപിയെ എവിടെ എത്തിച്ചു? ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം! ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം.
അവരുടെ ലാഭത്തിന് വേണ്ടിയാണ്. അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !', സെൻകുമാർ പോസ്റ്റിൽ പറഞ്ഞു.
അതിനിടെ പിസി ജോർജിനേയും ഷോണ്‍ ജോർജിനേയും തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് രംഗത്തെത്തി. ആത്മീയ നേതാക്കളെയും പുരോഹിതന്മാരെയും ആദരിക്കുന്നതും ബഹുമാനിക്കുന്നതുമാണ് ബിജെപി സംസ്കാരമെന്നും ക്രിസ്ത്യൻ സമൂഹത്തിന്റെ അട്ടിപ്പേറവകാശവുമായി സിപിഎമ്മും കോൺഗ്രസ്സും വരേണ്ടതില്ലെന്നും സുരേഷ് പ്രതികരിച്ചു.












Click it and Unblock the Notifications