ബിജെപിക്ക് പന്തളം പോയി; തൃപ്പൂണിത്തുറയില്‍ ചരിത്ര വിജയം, പാലക്കാട് കൈവിട്ടില്ല, മികച്ച പ്രകടനം
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തി ബിജെപി. തൃപ്പൂണിത്തുറ നഗരസഭയില്‍ ഭരണം ബിജെപി പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഒരു സീറ്റിന്റെ മുന്നേറ്റത്തിലാണ് ഭരണം പിടിച്ചത്. ഇവിടെ കാലങ്ങളായി ഇടതു-വലതു കക്ഷികളായിരുന്നു ഭരിച്ചിരുന്നത്. 2020ല്‍ എല്‍ഡിഎഫ് ആണ് ജയിച്ചത്. ഇത്തവണ വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടമാണ് തൃപ്പൂണിത്തുറയില്‍ കണ്ടത്.
സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്. വാര്‍ഡുകളുടെ എണ്ണവും അവര്‍ കൂട്ടി. തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് നേട്ടമാണ്. കോഴിക്കോട് ഉള്‍പ്പെടെ എല്ലാ കോര്‍പറേഷനിലും ബിജെപി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന് നഷ്ടമായ വോട്ടുകള്‍ പോയത് ബിജെപിയിലേക്കാണ് എന്നാണ് വിലയിരുത്തല്‍.

തൃപ്പൂണിത്തുറ നഗരസഭയില്‍ 21 സീറ്റുകള്‍ എന്‍ഡിഎ നേടി. 20 സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടി. 16 സീറ്റുകള്‍ യുഡിഎഫ് നേടി. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ആവേശം നിറക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. ഒടുവില്‍ ഒരു സീറ്റിന്റെ ബലത്തിലാണ് ബിജെപി ഭരണം പിടിച്ചത്. എ ക്ലാസ് നഗരസഭയായി ബിജെപി കണക്കാക്കുന്ന സ്ഥലമാണ് തൃപ്പൂണിത്തുറ. ഒരു സീറ്റിന്റെ കരുത്ത മാത്രമുള്ളൂ എന്നതിനാല്‍ അവിശ്വാസത്തിന് സാധ്യതയുണ്ട്.
അതേസമയം, ഇതുവരെ സംസ്ഥാനത്ത് ബിജെപി ഭരണം ഉണ്ടായിരുന്ന പന്തളം നഗരസഭയില്‍ അധികാരം നഷ്ടമായി. പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. എന്‍ഡിഎ 25 സീറ്റ്, യുഡിഎഫ് 18 സീറ്റ്, എല്‍ഡിഎഫ് 9 സീറ്റ് എന്നിങ്ങനെയാണ് പാലക്കാട്ടെ മുന്നേറ്റം. ഒട്ടേറെ വിമത നീക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പാലക്കാട് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതും നേട്ടമാണ്. ഇവിടെയും അവിശ്വാസത്തിന് സാധ്യതയുണ്ട്.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം നേടാന്‍ സാധിച്ചത് ബിജെപി വലിയ നേട്ടമായി. ആദ്യമായിട്ടാണ് കോര്‍പറേഷന്‍ ഭരണം ബിജെപി പിടിക്കുന്നത്. രാജ്യത്തെ പ്രധാന മൂന്ന് നഗരങ്ങളില്‍ ഒന്നായി തിരുവനന്തപുരത്തെ ഇനി മാറ്റുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ തിരുവനന്തപുരത്തെത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications