മൂന്ന് എംഎൽഎമാരെ വെച്ച് കേരളം ഭരിക്കുകയാണ് ബിജെപി, തള്ളുന്നതിന് പരിധിയില്ല, വിമർശിച്ച് സനോജ്
സിജെപി സമരക്കാർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ സോഷ്യൽ മീഡിയയിൽ ആഭ്യന്തര വകുപ്പിനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്തുന്ന കോൺഗ്രസ് -ലീഗ് അണികൾക്ക് മറുപടിയുമായി വികെ സനോജ് എംഎൽഎ.
പത്ത് വർഷം പിണറായി സർക്കാരിന്റെ കാലത്ത് ആർഎസ്എസുകാർക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ മാത്രമാണ് ആഭ്യന്തര വകുപ്പിന് നാഥനുണ്ടായത് എന്നുമാണ് കോൺഗ്രസ് ലീഗ് സൈബർ പോരാളികളുടെ വാദം.
വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കോൺഗ്രസ് ലീഗ് സൈബർ പോരാളികൾ രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് നാഥനുണ്ടായത്രെ....!! ഉവ്വ... ഇതേ നാഥൻ തന്നെയല്ലേ കുറച്ച് ദിവസം മുന്നേ സംഘപരിവാറിന് സൈദ്ധാന്തിക ന്യായം ചമയ്ക്കാൻ ചാനലുകളിൽ എത്തുന്നയാളുടെ വീട്ടിൽ പിറന്നാൾ ആഘോഷത്തിന് പോയതും സംഘപരിവാർ നേതാവിന്റെ വീട്ടിൽ ഷാൾ ഏറ്റുവാങ്ങാൻ പോയതുമൊക്കെ....!

ഇനി ടി ജി മോഹൻദാസിന്റെ കാര്യം എടുത്താൽ, അയാളുടെ വീഡിയോ പുറത്തുവന്നതിന്റെ പിറ്റേന്ന് തന്നെ ആർഎസ്എസ് നേതൃത്വം വരെ അയാളെ തള്ളിപ്പറഞിരുന്നു. അയാൾക്ക് എതിരെ കേസെടുത്ത് പത്ത് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യലില്ല, വീഡിയോ നീക്കം ചെയ്യാനുള്ള നടപടിയില്ല. ഒടുവിൽ മാധ്യമങ്ങൾ മുതൽ ഭരണപക്ഷത്തെ അണികൾ വരെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ മാത്രമാണ് അയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുക്കുന്നത്. ഇനി മുൻ സർക്കാരിന്റെ കാലത്ത് ഇത്തരം വിദ്വേഷ പ്രചാരാകർക്ക് എതിരെ കേസ്സ് എടുത്തിരുന്നോ എന്ന് നോക്കിയാലോ..
കെ സുരേന്ദ്രൻ മൂന്ന് മാസം ജയിലിൽ കിടന്നത് പിണറായി സർക്കാരിന്റെ കാലത്താണ്. കെപി ശശികല, ആർവി ബാബു,സെൻകുമാർ, പിസി ജോർജ്ജ്, ഷാജൻ സ്കറിയ തുടങ്ങിയവരെയല്ലാം തൂക്കിയെടുത്തത് പിണറായി കാലത്താണ്. ശശികലയുടെ അറസ്റ്റിനെതിരെ അന്ന് സംഘികൾ ഹർത്താൽ വരെ നടത്തി. അന്ന് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ഇതേ കോൺഗ്രസുകാർ ആയിരുന്നു. ഇന്നും അയാളെ വിരുന്നുകളിൽ പ്രത്യേക അതിഥി ആക്കുന്നതും ഭരണ സിരാകേന്ദ്രത്തിൽ അപ്പോയിൻമന്റ് ഇല്ലാതെ കയറിച്ചെല്ലാവുന്ന പ്രിവിലേജ് നൽകി ആദരിക്കുന്നതും ഇതേ കോൺഗ്രസ്സുകാർ തന്നെ.
സെൻകുമാറിന്റെ കാര്യമെടുത്താൽ അയാളെ ഡിജിപിയാക്കിയതും ഇന്നത്തെ ആഭ്യന്തര മന്ത്രിയാണ്.ആ സെൻ കുമാറിനായി സുപ്രീം കോടതിയിൽ വരെ പോയത് ഇന്നത്തെ മുസ്ലിം ലീഗ് എം പി ഹാരിസ് ബീരാനും. സ:പിണറായി വിജയനും സി പി എമ്മും അന്നും അയാളെ തിരിച്ചറിഞ്ഞിരുന്നു. ഇനി കെ.പി. ശശികലയും ആർ.വി. ബാബുവും ആണെങ്കിലോ..? അവർ വിഡി സതീശനെ കണ്ട് ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പരസ്യമായി പറഞ്ഞിട്ട് അധികം ദിവസമായിട്ടില്ല..
മൂന്ന് എം എൽ എ മാരെ വെച്ച് കേരളം ഭരിക്കുകയാണ് ഇന്ന് ബി ജെ പി. വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ പോകുന്നു, സവർക്കർ വീരനാകുന്നു.പി എം ശ്രീ എന്ത് വന്നാലും നടപ്പിലാകുമെന്ന് പറയുന്നു. ഭരണ കേന്ദ്രം മുതൽ സർവ്വകലാശാലകളിൽ വരെ സഘപരിവാർ അനുകൂലികളെ കുത്തി നിറയ്ക്കുന്നു.. ഇതൊക്കെയും നടക്കുന്നത് ഇതേ ഭരണത്തിലാണ്... ശരിക്കും ആരാണ് കേരളം ഭരിക്കുന്നത് !! തള്ളിക്കോളൂ....തള്ളുന്നതിന് പരിധിയില്ല. പക്ഷേ ചരിത്രത്തിന് മറവിയില്ല എന്നോർക്കണം..!



Click it and Unblock the Notifications