കേരളം പിടിക്കുമെന്ന വാശിയിൽ ബിജെപി! അമിത് ഷാ മാത്രമല്ല, യോഗി ആദിത്യനാഥും കേരളത്തിലേക്ക്...
ഒക്ടോബർ നാല് ചൊവ്വാഴ്ച കേച്ചേരി മുതൽ കണ്ണൂർ വരെ യോഗി ആദിത്യ നാഥ് ജനരക്ഷാ യാത്രയിൽ പങ്കെടുക്കും.
തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ബുധനാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
ഒക്ടോബർ നാല് ചൊവ്വാഴ്ച കേച്ചേരി മുതൽ കണ്ണൂർ വരെ യോഗി ആദിത്യ നാഥ് ജനരക്ഷാ യാത്രയിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം സംസാരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി എംപിമാരും എംഎൽഎമാരും കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കുചേരുന്നുണ്ട്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്ത ജനരക്ഷാ യാത്ര ഉച്ചയ്ക്ക് ശേഷമാണ് പയ്യന്നൂരിൽ നിന്ന് പ്രയാണം ആരംഭിച്ചത്. ജാഥാ ക്യാപ്റ്റൻ കുമ്മനം രാജശേഖരന് കുങ്കുമഹരിത പതാക കൈമാറിയാണ് അമിത് ഷാ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അമിത് ഷാ ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.
പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാക്കളും ആദ്യദിവസത്തെ ജനരക്ഷാ യാത്രയിൽ പങ്കെടുത്തു. ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിണറായി വഴി കടന്നുപോകുന്ന ജനരക്ഷാ യാത്രയിലും തുടർന്ന് തലശേരിയിൽ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications