നിങ്ങള്‍ ചോദിക്കരുത്, മറുപടി തരില്ല, അവിടെ ഇരുന്നാല്‍ മതി; ക്ഷുഭിതനായി ബിജെപി അധ്യക്ഷന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് ക്ഷോഭിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ പ്രതികരണം. നിങ്ങള്‍ ഏത് ചാനലാണെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തക മറുപടി പറഞ്ഞപ്പോള്‍ ഇനി ചോദിക്കേണ്ടതെന്നും അവിടെ നിന്നാല്‍ മതിയെന്നുമായിരുന്നു ബിജെപി അധ്യക്ഷന്റെ മറുപടി.
ശനിയാഴ്ച രാവിലെയാണ് അനിലിനെ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. അനില്‍ ആണ് സൊസൈറ്റിയുടെ പ്രസിഡന്റ്. സൊസൈറ്റിയുടെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഒറ്റപ്പെട്ടുപോയെന്നും ആരും സഹായിച്ചില്ലെന്നുമാണ് കുറിപ്പിലുള്ളത്. തെറ്റ് ചെയ്തില്ലെന്നും എല്ലാ കുറ്റങ്ങളും തന്റെ നേര്‍ക്കായി എന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സൊസൈറ്റി ആറ് കോടിയിലധികം രൂപ വായ്പ നല്‍കിയിട്ടുണ്ടത്രെ. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ സാധിച്ചില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അനിലില്‍ നിന്ന് വിവരം തേടി. ഇതോടെയാണ് അദ്ദേഹം മാനസികമായി തകര്‍ന്നത് എന്ന് പറയപ്പെടുന്നു. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനിലുമായി സംസാരിച്ചിരുന്നു എന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.
''അനിലിനെ ഭീഷണിപ്പെടുത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ട്. പാര്‍ട്ടി കൃത്യമായി നടപടി എടുക്കും. ജസ്റ്റിസ് ഫോര്‍ അനില്‍ കൃത്യമായി നടപ്പാക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നലെ ചില മാധ്യമക്കാര്‍ അത് ട്വിസ്റ്റ് ചെയ്യാന്‍ നോക്കി. സത്യം എന്താണെന്ന് വരുംദിവസങ്ങളില്‍ നിങ്ങള്‍ കാണും. സിപിഎം ആണ് സംഭവത്തിന് പിന്നില്‍....
രണ്ട് ദിവസം മുമ്പ് സിപിഎമ്മിന്റെ കൗണ്‍സിലറെ തങ്ങള്‍ എക്‌സ്‌പോസ് ചെയ്തപ്പോള്‍ ഇത് സിപിഎമ്മിന്റെ പുതിയ സ്ട്രാറ്റജിയാണ്. ഒരു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്താന്‍ നോക്കുന്നത്. ഇതെല്ലാം ക്രിമിനല്‍ കാര്യമാണ്. ഭീഷണിപ്പെടുത്തിയിട്ട് ആത്മഹത്യയിലേക്ക് നയിക്കുന്നത് നിസാര കാര്യമല്ല. വിഷയം സീരിയസായി എടുക്കുന്നുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യും''- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഈ വേളയിലാണ് പാര്‍ട്ടി സംരക്ഷിച്ചില്ലെന്ന ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദ്യമുന്നയിച്ചതും രാജീവ് ചന്ദ്രശേഖര്‍ ക്ഷോഭിച്ചതും. നിങ്ങളോട് പറഞ്ഞോ അത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. നിങ്ങള്‍ കണ്ടുപിടിക്കൂ. വേണ്ടാത്ത കാര്യങ്ങള്‍ പറയരുത് എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ വേളയില്‍ മാധ്യമപ്രവര്‍ത്തക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി അടുത്ത ചോദ്യം ഉന്നയിച്ചു.
''നേമം കൗണ്‍സില്‍ മീറ്റിങായിരുന്നു അത്. അവിടെ മറ്റു വിഷയങ്ങള്‍ സംസാരിച്ചില്ല. നിങ്ങള്‍ ഓരോന്ന് ഉണ്ടാക്കി പറയരുത്. ഇതൊരു ക്രിമിനല്‍ ഇഷ്യൂ ആണ്. സിപിഎമ്മിനെ സംരക്ഷിക്കാന്‍ നോക്കരുത്. നുണ പറഞ്ഞ് സിപിഎമ്മിനെ സംരക്ഷിക്കാന്‍ നടന്നാല്‍ ഞാന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് ദിവസം കഴിഞ്ഞാല്‍ എല്ലാം പറയും...
നിങ്ങള്‍ ഏത് ചാനലാണ്. ഇനി ചോദിക്കരുത്. ഇരുന്നാല്‍ മതി അവിടെ. നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല. ഇന്നലെ ആത്മഹത്യ ചെയ്ത കൗണ്‍സിലറിനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്. നിങ്ങള്‍ നുണ പറയുന്ന ചാനലാണ്. നാണമില്ലാത്ത ചാനലാണ്. മരിച്ച ആളെ കുറിച്ച് ഇങ്ങനെ പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകയല്ല''- ഇത്രയും പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ സംസാരം മതിയാക്കി പോകുകയായിരുന്നു.












Click it and Unblock the Notifications