സിദ്ധാർത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രൻ: ഇന്‍തിഫാദയ്ക്കും വിമർശനം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ് എഫ് ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പ്രതികളെ സി പി എം സംരക്ഷിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തിൽ എസ് എഫ് ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാൻ വേണ്ടിയാണെന്ന് വ്യക്തമാണ്. കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണ്.

വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകൾ തകർത്ത് താലിബാൻ മോഡലിൽ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ് എഫ് ഐക്കാർ സിദ്ധാർത്ഥിനെ ക്രൂരമായി കൊല ചെയ്തത്. അവർക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സി പി എമ്മിന്റെ ചോരക്കൊതിയൻ സമീപനത്തിന് തെളിവാണ്. അധികൃതർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം.
എസ് എഫ് ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണ്. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇൻതിഫാദ് എന്ന പേര് നൽകിയത് ഇതിന് ഉദാഹരണമാണ്. പശ്ചിമേഷ്യൻ ഭീകരവാദ സംഘടനയെ പിന്തുണയ്ക്കുന്ന എസ് എഫ് ഐ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. സിദ്ധാർത്ഥ് എസ് എഫ് ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ ഡി വൈ എഫ് ഐ ഫ്ലക്സ് വെച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്.
ഫ്ലക്സ് എടുത്ത് മാറ്റാൻ സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാതിരുന്ന ഡി വൈ എഫ് ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാർത്ഥിനെ വേട്ടയാടുന്ന സമീപനമാണ് സി പി എം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് വച്ച് പിടികൂടിയ അഖിലിൽ ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയവരിൽ ഒരാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications