750രൂപയുടെ മൂല്യം പോലുമില്ല, സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് കെസുരേന്ദ്രന്‍ പറഞ്ഞു. 1000 രൂപയുടെ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നതിന് 750 രൂപയുടെ മൂല്യം പോലുമില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇന്ന് മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഒരു റേഷന്‍ കടകളില്‍ പോലും കിറ്റുകള്‍ എത്തിയിട്ടില്ല. സംസ്ഥാനത്ത് രാവിലെ മുതല്‍ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് ലഭിക്കാതെ തിരിച്ചുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പ്രളയ സമയത്ത് ലഭിച്ച 2000 കോടി രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ല. പിആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ സംസ്ഥാനത്ത് ചിലര്‍ നീച രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളില്‍ ചിലര്‍ അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധം പ്രചരിപ്പിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കായി 238 കോടി രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് മുന്‍കൂറായി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ചെലവ് കൂട്ടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കുറ്റമല്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.












Click it and Unblock the Notifications