വർഗീയത ഇളക്കി വിട്ടാണ് കോൺഗ്രസ് ദേശീയ തലത്തില്‍ വോട്ടു പിടിച്ചത്: കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: അവിശുദ്ധകുട്ടുകെട്ട് ഉണ്ടാക്കി വിഭാഗീയതയും, വർഗീയതയും ഇളക്കി വിട്ടാണ് കോൺഗ്രസ് വോട്ടു പിടിച്ചതെന്ന് ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗവും, മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ. മോദി സർക്കാരിൻ്റെ ജനോപകാരപ്രദമായ ക്ഷേമ പദ്ധതികളെക്കുറിച്ചോ, വികസന പരിപാടികളെ കുറിച്ചോ ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറായില്ല. മറിച്ച് നിഷേധ രാഷ്ട്രീയ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിച്ചത്.
പുതുതായി മുന്ന് സംസ്ഥാനങ്ങളുടെ ഭരണം പിടിച്ചെടുക്കാനും, തെക്കേ ഇന്ത്യയിൽ പുതിയ സ്വാധീന മേഖലകൾ കണ്ടെത്താനും എൻ ഡി എക്ക് കഴിഞ്ഞു. മഹാരാഷ്ട്രയിലും, ഉത്തർപ്രദേശിലും ഭിന്നിച്ചു വിരുദ്ധ പക്ഷങ്ങളിൽ നില ഉറപ്പിച്ചിരുന്ന ഇന്ത്യാമുന്നണി കക്ഷികൾ ഈ ഇലക്ഷനിൽ ഒരുമിച്ച് ചേർന്ന് എൻ ഡി എ എതിർത്തത് കൊണ്ടാണ് ചില നേട്ടങ്ങൾ അവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞത്. എന്നിട്ടും ഈ സംസ്ഥാനങ്ങളിൽ ബി ജെ പിയുടെ അടിത്തറ ഇളക്കാനോ ശിഥിലമാക്കാനോ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞില്ല.

കേരളത്തിൽ വൻ മുന്നേറ്റമാണ് എൻ ഡി എക്ക് ഉണ്ടായത്. ഏതാണ്ട് 13 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തി. 3 ലോക്സഭാ മണ്ഡലങ്ങളിൽ മൂന്നു ലക്ഷത്തിൽപരം വോട്ടുകൾ നേടാൻ കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് എത്തിയ ഒട്ടനവധി പഞ്ചായത്തുകളും, ബുത്തുകളുമുണ്ട്. അതേ സമയം എൽ ഡി എഫിനും, യു ഡി എഫി നും വോട്ടു ശതമാനം കുറഞ്ഞു. കേരളത്തിൽ വരുംകാല തെരഞ്ഞെടുപ്പുകളിൽ എൻ ഡി എ കൈവരിക്കാൻ പോകുന്ന വൻ വിജയത്തിന്റെ ദിശാസൂചകമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിൽ ക്രിയാത്മക വഴിത്തിരിവ് ഉണ്ടാകും. ഭരണരംഗത്ത് എൽ ഡി എഫ് അല്ലെങ്കിൽ യു ഡി എഫ് എന്ന രാഷ്ട്രീയ കീഴ്വഴക്കം തിരുത്തിക്കുറിച്ചു. 20% വോട്ട് നേടിയ എൻ ഡി എ, എൽ ഡി എഫിൻ്റെ തൊട്ടടുത്ത് എത്താനും വിധം സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. 20 ൽ ഓരോ സീറ്റ് നേടിക്കൊണ്ട് ഈ രണ്ട് മുന്നണിയും ഒപ്പത്തിനൊപ്പം നിലകൊണ്ടു. കേരള രാഷ്ട്രീയരംഗം നാളിതുവരെ കണ്ടിട്ടില്ലാത്ത സമഗ്ര പരിവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു. ഈ മാറ്റത്തിൻ്റെ ചാലക ശക്തിയായി എൻ ഡി എ ഉയർന്നുവെന്നതും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്നും മുന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications