രണ്‍ജീത് ശ്രീനിവാസന്‍ വധം: 15 പ്രതികളും കുറ്റക്കാർ, 8 പേർക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു
ആലപ്പുഴയിലെ ബി ജെ പി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് വിധിച്ച് കോടതി. മാവേലിക്കര സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളിൽ കൊലക്കുറ്റം തെളിഞ്ഞു. 2021 ഡിസംബർ 19നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയും ഭാര്യയും അടങ്ങുന്ന വീട്ടുകാരുടെ മുമ്പിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. 15 എസ് ഡി പി ഐ പ്രവർത്തകരെയാണ് കേസില്‍ പ്രതിചേർത്തിരുന്നത്.
കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ജഡ്ജി വി.ജി ശ്രീദേവി വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. ഈ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിർണ്ണായകമായത്.

കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതിനായി ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയോടൊപ്പം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
12 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തത്. മൂന്നു പേർ ആസൂത്രകരാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറിൽപരം പൊലീസുകാരെ വിന്യസിച്ചിരുന്നു.
ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലയ്ക്കൽ നുറുദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ.
രൺജീത്തിനെ കൊലപ്പെടുത്തുന്നതിനു മുന്നോടിയായി പ്രതികൾ 3 തവണ ഗൂഢാലോചന നടത്തിയെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications