കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആര്‍എസ്എസിനോട് സോറി പറഞ്ഞിട്ടൊരു ചര്‍ച്ച വേണ്ട', മീഡിയ വണ്ണിൽ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ്

Google Oneindia Malayalam News

കോഴിക്കോട്: ദില്ലി കലാപവുമായി ബന്ധപ്പെട്ട മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി ബിജെപി നേതാവ് എസ് സുരേഷ്. മീഡിയാ വണ്‍ വര്‍ഗീയത പരത്തുന്നുവെന്നും ഹിന്ദുക്കളെ അപമാനിച്ചു എന്നും ആരോപിച്ചാണ് സുരേഷിന്റെ ഇറങ്ങിപ്പോക്ക്.

Recommended Video

cmsvideo
BJP leader S Suresh boycott Debate in Media One | Oneindia Malayalam

ദില്ലി കലാപത്തില്‍ കൊല്ലപ്പെട്ട പകുതിയിലേറെപ്പേര്‍ക്കും വെടിയേറ്റിരുന്നു എന്നാണ് കണ്ടെത്തൽ. കലാപകാരികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ആയുധം തോക്കാണ്. ഇക്കാര്യം പറയവേ ആര്‍എസ്എസ് വേഷം ധരിച്ചവര്‍ തോക്കേന്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ചാനലില്‍ കാണിച്ചിരുന്നു. ഇതാണ് എസ് സുരേഷിനെ പ്രകോപിപ്പിച്ചത്. സുരേഷിന് അവതാരകന്‍ നിഷാദ് റാവുത്തര്‍ കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തോക്കേന്തിയ ദൃശ്യങ്ങൾ

തോക്കേന്തിയ ദൃശ്യങ്ങൾ

ചര്‍ച്ചയുടെ തുടക്കത്തിലാണ് ദില്ലി കലാപത്തില്‍ തോക്ക് ഉപയോഗിക്കപ്പെട്ടതിനെക്കുറിച്ച് അവതാരകനായ നിഷാദ് റാവുത്തര്‍ പരാമര്‍ശിച്ചത്. ഗുജറാത്ത് വംശഹത്യയില്‍ പെട്രോളും ഗ്യാസ് സിലിണ്ടറുകളുമായിരുന്നു മതഭീകരവാദികളുടെ ആയുധമെങ്കില്‍ ഇന്ന് തോക്കാണെന്ന് നിഷാദ് പറഞ്ഞു. കാവി ട്രൗസര്‍ധാരികളും കാവി ഉടുത്തവരും തോക്കേന്തി നില്‍ക്കുന്ന ചിത്രങ്ങളും സ്‌ക്രീനില്‍ കാണിക്കുകയുണ്ടായി.

പൊട്ടിത്തെറിച്ച് സുരേഷ്

പൊട്ടിത്തെറിച്ച് സുരേഷ്

ഇതിന് പിന്നാലെയാണ് ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എസ് സുരേഷ് പൊട്ടിത്തെറിച്ചത്. ആര്‍എസ്എസ് വേഷം ധരിച്ചവരും തലയില്‍ കാവി റിബണ്‍ അണിഞ്ഞവരും തോക്കേന്തി നില്‍ക്കുന്ന ചിത്രം മീഡിയാ വണ്‍ കാണിച്ചത് രാജ്യത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ വേണ്ടിയുളള ആസൂത്രിത ഗൂഢാലോചന ആണെന്ന് സുരേഷ് ആരോപിച്ചു.

എന്തിനാണ് വിമ്മിഷ്ടം?

എന്തിനാണ് വിമ്മിഷ്ടം?

ആര്‍എസ്എസിന് പരസ്യമായി ആയുധം വെച്ച് പരിശീലനം നടത്താം, അത് ടിവിയില്‍ തങ്ങള്‍ കാണിച്ചാല്‍ പ്രകോപനമാകുന്നത് എങ്ങനെയാണെന്ന് നിഷാദ് റാവുത്തര്‍ ചോദിച്ചു. നിങ്ങള്‍ മതേതരത്വം പുലമ്പേണ്ട, മീഡിയ വണ്ണിന്റെ മതേതരത്വത്തെ കുറിച്ച് നന്നായിട്ടറിയാം എന്നായി സുരേഷ്. പരസ്യമായി ആയുധപരിശീലനം നടത്തുകയും അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇവിടെ അത് കാണുമ്പോള്‍ എന്തിനാണ് വിമ്മിഷ്ടമെന്ന് അവതാരകന്‍ ചോദിച്ചു.

പാകിസ്താനിലാണോ ശ്രോതാക്കൾ

പാകിസ്താനിലാണോ ശ്രോതാക്കൾ

ഹിന്ദുക്കളുടെ കയ്യില്‍ തോക്ക് കൊടുത്ത് അവര്‍ ഇവിടുത്തെ മുസല്‍മാന്‍മാരെ വെടിവെക്കാന്‍ നടക്കുന്നു എന്ന് കണിച്ച് മുസ്ലീം സമൂഹത്തില്‍ ഭയാശങ്കയുണ്ടാക്കാന്‍ ചാനല്‍ ശ്രമിക്കുന്നു എന്ന് സുരേഷ് ആരോപിച്ചു. പാകിസ്താന്റെ അജണ്ട നടപ്പാക്കുകയാണ്. മീഡിയാ വണ്ണിന് ശ്രോതാക്കളുളളത് പാകിസ്താനിലാണോ, ഒരു മതത്തെ മാത്രം എന്തിനാണ് ചാനലില്‍ അധിക്ഷേപിക്കുന്നത്, തോക്കാണോ ഹിന്ദുവിന്‌റെ സിംബല്‍, സുരേഷ് ചോദിച്ചു.

തോക്കെടുത്ത ചരിത്രമില്ലേ?

തോക്കെടുത്ത ചരിത്രമില്ലേ?

ആര്‍എസ്എസ് എന്ന സംഘടനയുടെ ആളുകള്‍ തോക്കേന്തി നില്‍ക്കുന്നാണ് കാണിച്ചത്. അത് ഹിന്ദുക്കള്‍ക്ക് എതിരെയുളള ആക്ഷേപമാണോ എന്ന് അവതാരകന്‍ തിരിച്ച് ചോദിച്ചു. 1948 മുതലുളള ചരിത്രമെടുത്താല്‍ നിങ്ങള്‍ തോക്കെടുത്തിട്ടില്ലേ എന്നും നിങ്ങള്‍ എടുക്കാത്ത തോക്കാണോ ഞങ്ങള്‍ കാണിച്ചത് എന്നും നിഷാദ് ചോദിച്ചു.

വര്‍ഗീയതയും രാജ്യദ്രോഹവും

വര്‍ഗീയതയും രാജ്യദ്രോഹവും

ദില്ലിയില്‍ തോക്കെടുത്ത് എട്ട് റൗണ്ട് വെടിവെച്ചയാളുടെ പേര് ഷാരൂഖ് എന്നാണെന്നും അയാള്‍ ആര്‍എസ്എസ് ആണോ എന്നും സുരേഷ് ചോദിച്ചു. എഎന്‍ഐ എന്ന ഏജന്‍സി അയാളുടെ പേര് ഷാരൂഖ് ആണെന്ന് പറഞ്ഞിട്ടുണ്ടെന്നും അയാളെക്കുറിച്ച് പോലീസിന് അറിയില്ലെന്നും നിഷാദ് ചൂണ്ടിക്കാട്ടി. നിങ്ങള്‍ വര്‍ഗീയതയും രാജ്യദ്രോഹവുമാണ് കാണിക്കുന്നതെന്ന് സുരേഷ് ആക്രോശിച്ചു.

അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേ

അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേ

ആര്‍എസ്എസിനെ പറഞ്ഞാല്‍ വര്‍ഗീയതയായി, ഹിന്ദുക്കളെ പറയലായി രാജ്യദ്രോഹമായി എന്ന് അവതാരകന്‍ പരിഹസിച്ചു. അതൊന്നും പറഞ്ഞ് പേടിപ്പിക്കല്ലേ എന്നും നിഷാദ് പറഞ്ഞു. ആര്‍എസ്എസ് തോക്കെടുക്കുന്ന ചിത്രം കാണിച്ചാല്‍ ഹിന്ദുക്കളെ അപമാനിക്കലാണ് എന്നൊന്നും പറയരുതെന്നും നിഷാദ് പറഞ്ഞു. ഇതോടെ ഹിന്ദുവിനെ അപമാനിച്ചതിന് മാപ്പ് പറയണം എന്നായി എസ് സുരേഷ്.

വേണ്ടി വന്നാല്‍ ഇനിയും കാണിക്കും

വേണ്ടി വന്നാല്‍ ഇനിയും കാണിക്കും

ആര്‍എസ്എസുകാരുടെ കയ്യില്‍ തോക്കിരിക്കുന്നതാണ് കാണിച്ചതെന്നും വേണ്ടി വന്നാല്‍ ഇനിയും കാണിക്കുമെന്നും മാപ്പ് പറയണം എന്ന് പറഞ്ഞാല്‍ അതൊന്നും നടക്കുന്ന കാര്യമില്ലെന്നും നിഷാദ് മറുപടി പറഞ്ഞു. തോക്കെടുത്ത് പോയി അവരെ കൊന്ന് കളയൂ എന്ന് പറഞ്ഞത് ആരൊക്കെയാണ് എന്ന് പറയാനും സുരേഷിനോട് നിഷാദ് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മറുപടി പറയാതെ ഇങ്ങനെ രാജ്യദ്രോഹം നടത്താന്‍ മീഡിയാ വണ്ണിന് എത്ര കോടി പാകിസ്താന്‍ തരുന്നു എന്നാണ് സുരേഷ് ചോദിച്ചത്.

മാപ്പ് പറയാതെ ചർച്ചയില്ല

മാപ്പ് പറയാതെ ചർച്ചയില്ല

അതൊക്കെ നിങ്ങളുടെ കയ്യിലല്ലേ ഏജന്‍സികളുളളതെന്നും നിങ്ങള്‍ പോയി കണ്ട് പിടിക്കൂ എന്നും നിഷാദ് തിരിച്ചടിച്ചു. ദില്ലിയില്‍ സര്‍ക്കാര്‍ സമാധാനമുണ്ടാക്കിയപ്പോള്‍ ഇവിടെ ഹിന്ദുക്കളുടെ കയ്യില്‍ തോക്ക് കാണിച്ച് മുസ്ലീംകളെ പ്രകോപിതരാക്കാനാണ് ചാനല്‍ ശ്രമിക്കുന്നതെന്ന് സുരേഷ് തുടര്‍ന്ന് ആരോപിച്ചു. ഈ രാജ്യദ്രോഹത്തിന് മാപ്പ് പറഞ്ഞിട്ട് മാത്രമേ ഇനി ചര്‍ച്ചയില്‍ ഇരിക്കുന്നുളളൂ എന്നും എസ് സുരേഷ് പറഞ്ഞു.

ആർഎസ്എസ് അല്ലാതെ വേറെ ആരുണ്ട്?

ആർഎസ്എസ് അല്ലാതെ വേറെ ആരുണ്ട്?

മാപ്പ് പറഞ്ഞില്ലെങ്കില്‍ തനിക്കൊരു പാകിസ്താന്‍ ചാനലില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും എസ് സുരേഷ് ആക്രോശിച്ചു. ആര്‍എസ്എസിനെ പറയുമ്പോള്‍ ഹിന്ദുക്കളെ പറയലാണ് എന്ന തരത്തിലുളള നരേഷനുമായി വരേണ്ടതില്ലെന്ന് നിഷാദ് വ്യക്തമാക്കി. അതീ ചര്‍ച്ചയില്‍ എടുക്കുന്നില്ല. നിങ്ങള്‍ക്ക് പ്രസംഗിക്കാനുളള സ്ഥലമല്ല ഇത്. ഈ രാജ്യത്ത് മാരകായുധങ്ങളുമായി പരിശീലനം നടത്തുകയും അത് അഭിമാനപൂര്‍വം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘടന ആര്‍എസ്എസ് അല്ലാതെ വേറെ ഏതുണ്ട് എന്ന് നിഷാദ് റാവുത്തര്‍ തുറന്നടിച്ചു.

എന്നോട് പൊറുക്കണേ എന്നൊന്നും പറയില്ല

എന്നോട് പൊറുക്കണേ എന്നൊന്നും പറയില്ല

എന്നാല്‍ ഹിന്ദുവിനെ അപമാനിക്കുകയാണെന്നും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുരേഷ് ആവര്‍ത്തിച്ച് കൊണ്ടിരുന്നു. ആര്‍എസ്എസിന്റെ ആയുധ പരിശീല ദൃശ്യമാണ് കാണിച്ചത്. അതുകൊണ്ട് ആര്‍എസ്എസിന് മോശമാക്കി എന്നോട് പൊറുക്കണേ എന്നൊന്നും ഈ ചര്‍ച്ചയില്‍ പറയില്ലെന്ന് നിഷാദ് മറുപടി നല്‍കി. പരസ്യമായി ആയുധ പരിശീലനം നടത്തുന്ന സംഘടന ആര്‍എസ്എസ് അല്ലാതെ മറ്റേതെങ്കിലും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ നിഷാദ് വെല്ലുവിളിച്ചു.

സോറി പറഞ്ഞിട്ടൊരു ചർച്ച വേണ്ട

സോറി പറഞ്ഞിട്ടൊരു ചർച്ച വേണ്ട

നിങ്ങള്‍ മാത്രമേ ഈ പണി കാണിക്കുന്നുളളൂ എന്നും അതുകൊണ്ടാണ് ദൃശ്യം കാണിച്ചതെന്നും നിഷാദ് പറഞ്ഞു. വീണ്ടും ഹിന്ദുക്കളെ അപമാനിച്ചു എന്ന് സുരേഷ് ആവര്‍ത്തിച്ചു. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളും ആര്‍എസ്എസുകാരന്റെ കീശയിലാണ് എന്ന് കരുതരുതെന്ന് നിഷാദ് തിരിച്ചടിച്ചു. ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് സുരേഷ് മൈക്കൂരി. ആര്‍എസ്എസിനോടൊന്നും ഒരു ഖേദവും പ്രകടിപ്പിക്കില്ലെന്നും ആര്‍എസ്എസിനോട് സോറി പറഞ്ഞിട്ടൊരു ചര്‍ച്ച വേണ്ടെന്നും നിഷാദ് അടിവരയിട്ട് പറഞ്ഞു. ഇതോടെ സുരേഷ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

English summary
BJP leader S Suresh boycott Debate in Media One
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X