'ഇത് അയാളുടെ കാലമല്ലേ; പിണറായിയുടെ...'; ബിജെപി നേതാവ് സന്ദീപ് വാര്യരുടെ കുറിപ്പ്
കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരിലെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയത് ക്രിമിനല്‍ കേസ് പ്രതിയുടെ കാറാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. വാഹനത്തിന്റെ ഉടമ സിദ്ദിഖ് എന്നയാള്‍ പകല്‍ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടേയും പ്രവര്‍ത്തകനാണെന്നും ബിജെപി ആരോപിക്കുന്നത്. ബിജെപിയുടേത് അപവാദ പ്രചാരണമാണെന്നാണ് സിപിഎമ്മിന്റെ മറുപടി.
സംഭവത്തിൽ സിപിഎമ്മിനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യർ രംഗത്ത് എത്തി. സന്ദീപ് വാര്യരുടെ കുറിപ്പ്: '' ഡൽഹിയിൽ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത പാർട്ടി അഖിലേന്ത്യ സെക്രട്ടറിക്ക് കേരളത്തിൽ വന്നപ്പോൾ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ. ഇതേ സിപിഎമ്മാണ് ബംഗാളിൽ നിന്നുള്ള യുവനേതാവ് റിതബ്രിത ബാനർജിയെ ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പെന്നും ഉപയോഗിച്ചു എന്ന മഹാപരാധത്തിന് പുറത്താക്കിയത് എന്നതു കൂടി ചേർത്ത് വായിക്കണം. ഇന്ത്യൻ സൈനികനെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിദ്ദീഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഫോർച്ചുണർ.

അത്ഭുതമില്ല. സിപിഎം പാർട്ടി കോൺഗ്രസിന് സിദ്ദീഖ് അല്ലാതെ മറ്റാരാണ് കാർ കൊടുത്ത് സഹായിക്കുക? സ്വാഭാവികം. കേരളത്തിലെ സിപിഎമ്മിനോട് നിങ്ങൾ എന്ത് പണിയാണ് കാണിച്ചതെന്ന് മൂരി നിവർത്തി ചോദിക്കാനുള്ള ആമ്പിയർ ഇന്ന് അഖിലേന്ത്യ സെക്രട്ടറിക്കില്ല . മറ്റൊന്നും കൊണ്ടല്ല , പിണറായി ചിലവിനു കൊടുത്തില്ലെങ്കിൽ ഡൽഹി എകെജി ഭവനിൽ റൊട്ടിയും ദാലും കഴിച്ച് ആരും വായിക്കാത്ത പീപ്പിൾസ് ഡെമോക്രസിയിൽ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച് വൈകുന്നേരം അര ഔൺസ് ദശമൂലാരിഷ്ടവും സേവിച്ച് കിടക്കാൻ സാധിക്കാതെ വരും.
ബംഗാളും ത്രിപുരയും ഉള്ള കാലത്ത് ലൂട്ടിയൻ സദസ്സുകളിൽ ഷാമ്പയിൻ നുണഞ്ഞിരുന്നതും കുത്തിത്തിരുപ്പുണ്ടാക്കി സർക്കാരുകളെ വീഴിച്ചിരുന്നതും വാഴിച്ചിരുന്നതുമൊക്കെ ഇന്ത്യൻ മാർക്സിസ്റ്റുകളുടെ ഗൃഹാതുര ഓർമ്മകൾ മാത്രമാണിന്ന്. സിദ്ദീഖിനെ വെറുക്കപ്പെട്ടവൻ എന്ന് വിളിക്കാൻ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ. ഇത് അയാളുടെ കാലമല്ലേ. പിണറായിയുടെ''.
Recommended Video













Click it and Unblock the Notifications