സിപിഎമ്മിന് ശോഭാ സുരേന്ദ്രന്റെ വെല്ലുവിളി..കോടിയേരി ആണാണെങ്കില്‍ പോരിന് വാ!!
കോടിയേരി ബാലകൃഷ്ണനെ നേരിട്ടുള്ള പോരിന് വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രന്‍
കോഴിക്കോട്: സിപിഎമ്മിനേയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കണ്ണൂരിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ വെല്ലുവിളി. സാധാരണക്കാരായ പ്രവര്‍ത്തകരുടെ ചോര കുടിക്കേണ്ടെന്നും നേരിട്ട് പോരിന് കണ്ണൂരിലേക്ക് വരാന്‍ തയ്യാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കൊടിസുനിമാര്‍ക്കും കിര്‍മാണിമാര്‍ക്കും സിപിഎം ക്വട്ടേഷന്‍ കൊടുക്കേണ്ട. പകരം ബിജെപി നേതാക്കളോട് ദ്വന്ദയുദ്ധത്തിന് തയ്യാറാണെങ്കില്‍ ആണായി വന്ന് സ്ഥലവും സമയവും തീയ്യതിയും കുറിക്കാന്‍ കോടിയേരിയെ ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.പിണറായി വിജയന്റെ പഞ്ചായത്തിലും കോടിയേരി ബാലകൃഷ്ണന്റെ വീട്ടുപടിക്കലും കാവിക്കൊടി കുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

അക്രമം പേടിച്ച് തങ്ങള്‍ കോണ്‍ഗ്രസ്സുകാരെപ്പോലെ മുട്ടിലിഴയില്ല. വളയിട്ട കൈകള്‍ കൊണ്ട് ആയുധമെടുപ്പിക്കരുതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കാലില്‍ പാദസരമാണെന്നും നട്ടെല്ലില്ലാത്തവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കഞ്ചിക്കോട്ട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ശോഭ സുരേന്ദ്രന്‍ പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ക്രിമിനലുകളെ കയറൂരി വിട്ടാല്‍ കേരളത്തില്‍ ഭോപ്പാല്‍ ആവര്‍ത്തിക്കപ്പെടുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications