തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ ബിജെപിക്ക് ഉറക്കം പോയി; കോണ്‍ഗ്രസ് ട്വിസ്റ്റിന്, പക്ഷേ സിപിഎം
കൊച്ചി: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്‍സിപ്പാലിറ്റികളിലാണ് കേരളത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ചത്. പാലക്കാടും പത്തനംതിട്ടയിലെ പന്തളവും. ഇത്തവണ ഫലം വന്നപ്പോള്‍ പന്തളം എല്‍ഡിഎഫ് പിടിച്ചു. പാലക്കാട് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിച്ചതുമില്ല. എന്നാല്‍ തൃപ്പൂണിത്തുറയില്‍ ഏറ്റവും വലിയ കക്ഷിയാകാന്‍ ബിജെപിക്ക് സാധിച്ചു.
പാലക്കാട്, തൃപ്പൂണിത്തുറ നഗരസഭകളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രണ്ടിടത്തും രണ്ട് തരം തന്ത്രങ്ങള്‍ പയറ്റാനാണ് ആലോചന. എന്നാല്‍ തൃപ്പൂണിത്തുറയില്‍ സിപിഎം മുഖം തിരിച്ചേക്കുമെന്നാണ് വിവരം. തിരക്കിട്ട ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നടന്നുവരുന്നത്. അതിനിടെ, ചെയര്‍പേഴ്‌സണെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

പാലക്കാട് നഗരസഭയില്‍ 53 ഡിവിഷനുകളാണുള്ളത്. ഒറ്റയ്ക്ക് ഭരിക്കാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിക്ക് 25 അംഗങ്ങളേയുള്ളൂ. രണ്ടാംസ്ഥാനത്തുള്ള യുഡിഎഫിന് 18 അംഗങ്ങളും മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫിന് 9 അംഗങ്ങളുമുണ്ട്. കൂടാതെ ഒരു കോണ്‍ഗ്രസ് വിമതനും. വിമതനായി മല്‍സരിച്ച എച്ച് റഷീദിനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കമാണ് പാലക്കാട് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
ബിജെപിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ വിട്ടുവീഴ്ച ചെയ്തുള്ള നീക്കം നടത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിയുമായി സഹകരിക്കില്ലെന്ന് എച്ച് റഷീദും വ്യക്തമാക്കി. അതുകൊണ്ടുതന്നെ ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് എച്ച് റഷീദിനെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ്-സിപിഎം ആലോചന. ഇരുകക്ഷികളും പരസ്പരം പിന്തുണയ്ക്കാന്‍ സാധ്യതയില്ല. രണ്ടിലും പെടാത്ത വ്യക്തിയെ പിന്തുണച്ചേക്കുമെന്നാണ് വിവരം.
അങ്ങനെ സംഭവിച്ചാല്‍ എച്ച് റഷീദിന് പാലക്കാട് ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് വഴി തെളിയും. എന്നാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് കോണ്‍ഗ്രസും സിപിഎമ്മും കൈ കോര്‍ത്തില്ലെങ്കില്‍ ബിജെപി അംഗം ഈ പദവിയിലെത്തും. അതുകൊണ്ടുതന്നെ വരുന്ന അഞ്ച് വര്‍ഷം പാലക്കാട് നഗരസഭയിലെ ഭരണം സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തുന്നത്.
തൃപ്പൂണിത്തുറ നഗരസഭ; കോണ്‍ഗ്രസ് പദ്ധതി
തൃപ്പൂണിത്തുറയിലെ 53 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 21 അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫിന് 20 അംഗങ്ങളും യുഡിഎഫിന് 12 അംഗങ്ങളുമുണ്ട്. സിപിഎമ്മിന് പിന്തുണ നല്‍കി ബിജെപിക്ക് ഭരണം ലഭിക്കുന്നത് തടയാനാണ് കോണ്‍ഗ്രസ് നീക്കം. കെ ബാബു എംഎല്‍എ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.
കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ പാലക്കാടും തൃപ്പൂണിത്തുറയിലും വിജയം കണ്ടാല്‍ ബിജെപി ഭരിക്കുന്ന ഒരു നഗരസഭയും സംസ്ഥാനത്തുണ്ടാകില്ല. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പറേഷന്‍ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. മേയറായി ആര്‍ ശ്രീലേഖ, വിവി രാജേഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയില്‍.












Click it and Unblock the Notifications