തിരിച്ചടി നേരിട്ട് ബിജെപി; ഈ മാസം നഷ്ടമാകുന്ന രണ്ടാം പഞ്ചായത്ത്, യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചു
ആലപ്പുഴ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. ഈ മാസം ബിജെപിക്ക് നഷ്ടമാകുന്ന രണ്ടാമത്തെ പഞ്ചായത്താണിത്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം പഞ്ചായത്തില്‍ സമാനമായ സാഹചര്യത്തില്‍ ബിജെപി ഭരണം പോയത് ഈ മാസം ആറിനാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പള്ളിപ്പുറം പഞ്ചായത്തില്‍ യുഡിഎഫിനും ബിജെപിക്കും ഏഴ് വീതം സീറ്റുകളാണ് ലഭിച്ചത്. അഞ്ച് സീറ്റ് എല്‍ഡിഎഫിനും. മൊത്തം 19 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുള്ളത്. തുല്യ വാര്‍ഡുകള്‍ ലഭിച്ച സാഹചര്യത്തില്‍ ടോസിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. വി വിനീത പ്രസിഡന്റും ദിനേശ് കുമാര്‍ വൈസ് പ്രസിഡന്റുമായിട്ടായിരുന്നു ഭരണം.

ആറ് മാസം കഴിഞ്ഞ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നഷ്ടമാകുമെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. അതിലൊന്നാണ് ചേന്നം പള്ളിപ്പുറം പഞ്ചായത്ത്. ബിജെപിയുടെ ഭരണ സമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് ചര്‍ച്ച നടക്കുകയും അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് എല്‍ഡിഎഫ് അംഗങ്ങളും പിന്തുണ നല്‍കി. ഇതോടെ ബിജെപി ഭരണം വീണു. വൈകാതെ പുതിയ ഭരണസമിതിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചാല്‍ ഭരണം യുഡിഎഫിന് ലഭിക്കും. ഇതില്‍ സിപിഎം ഉപാധികള്‍ വയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
പത്തനംതിട്ടയിലെ നാരങ്ങാനം പഞ്ചായത്തിലും സമാനമായിരുന്നു അവസ്ഥ. 14 വാര്‍ഡുകളാണ് ഈ പഞ്ചായത്തിലുണ്ടായിരുന്നത്. യുഡിഎഫിനും എന്‍ഡിഎക്കും ആറ് വീതം അംഗങ്ങളും രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫിനുമായിരുന്നു കിട്ടിയിരുന്നത്. ടോസിലൂടെ ഭരണം ലഭിച്ച ബിജെപിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.
പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കണ്ടെത്താനുള്ള വോട്ടെടുപ്പ് സെപ്തംബര്‍ ആദ്യവാരം നടക്കും. ഇന്ത്യ സഖ്യം കേരളത്തിലും നിലവില്‍ വന്നിരിക്കുകയാണെന്നും ബിജെപിക്കെതിരെ രണ്ട് മുന്നണികളും ഒന്നിക്കുന്ന കാഴ്ചയാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.





Click it and Unblock the Notifications