പാലക്കാട് ഇനിയാണ് കളി; ബിജെപിയെ പുറത്താക്കാന്‍ തന്ത്രം മെനയുന്നു, ഹാട്രിക് അടിക്കില്ല?
പാലക്കാട്: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ അടിവലികള്‍ക്ക് സാധ്യത. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മൂന്നാമൂഴം അവര്‍ക്ക് എളുപ്പമാകില്ല. രണ്ടും മൂന്നും സ്ഥാനക്കാരായ യുഡിഎഫും എല്‍ഡിഎഫും കൈക്കോര്‍ക്കുമെന്നാണ് പുതിയ വിവരം. അതേസമയം, മതേതര ചേരിയുടെ കെട്ടുറപ്പ് തകര്‍ക്കാനുള്ള നീക്കവും മറുഭാഗത്ത് നടക്കുന്നുണ്ട്.
കോണ്‍ഗ്രസിന്റെ വിമതനായ എച്ച് റഷീദിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. മതേതര മുന്നണിയുമായി സഹകരിക്കുമെന്ന് റഷീദ് നിലപാട് വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട് എംപി ശ്രീകണ്ഠന്‍ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വൈകാതെ തീരുമാനം എടുക്കും. ജനവിധി മാനിക്കണം എന്ന് ബിജെപി അഭ്യര്‍ഥിച്ചു.

കഴിഞ്ഞ രണ്ട് തവണയായി ബിജെപി ഭരിക്കുകയാണ് പാലക്കാട് നഗരസഭ. സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി നഗരസഭാ ഭരണം ലഭിച്ചത് പാലാക്കാടാണ്. രണ്ടാംഭരണ കാലത്ത് പാളയത്തില്‍ പട സജീവമായിരുന്നു ബിജെപിയില്‍. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെ തഴയാന്‍ ശ്രമം നടന്നിരുന്നു. സംസ്ഥാന നേതാവ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു ചേരി രൂപപ്പെടുകയും ചെയ്തു.
ഇതിന്റെ ഫലമാണ് ബിജെപിക്ക് ഇത്തവണ സീറ്റ് കുറഞ്ഞത്. 2020ല്‍ 28 സീറ്റില്‍ ജയിച്ച ബിജെപിക്ക് ഇത്തവണ 25 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. അതായത്, കേവല ഭൂരിപക്ഷം ലഭിച്ചില്ല. 53 അംഗ നഗരസഭയില്‍ 27 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇതാണ് ബിജെപിയെ വെട്ടിലാക്കിയത്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
യുഡിഎഫ്-എല്‍ഡിഎഫ് സഖ്യം വരുമോ?
ശക്തമായ മുന്നേറ്റം നടത്തിയ യുഡിഎഫ് ഇത്തവണ 18 സീറ്റില്‍ ജയിച്ചു. എല്‍ഡിഎഫ് 9 സീറ്റും നേടി. ബാക്കിയുള്ള ഒരു സീറ്റിലാണ് കോണ്‍ഗ്രസ് വിമതനായ റഷീദിന്റെ ജയം. റഷീദിനെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് ഇപ്പോഴത്തെ നീക്കം. റഷീദ് ആവശ്യപ്പെടുന്ന പദവി നല്‍കിയേക്കുമെന്നാണ് വിവരം. ഒരിക്കലും ബിജെപിക്കൊപ്പം പോകില്ലെന്ന് റഷീദ് പറഞ്ഞു.
മതേതര ചേരിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തൂ എന്ന് റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുമെന്ന് ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി. സിപിഎമ്മും കോണ്‍ഗ്രസും അതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇനി ഭാവി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് എംപി പറഞ്ഞു.
ഇനി സിപിഎം നിലപാടാണ് അറിയേണ്ടത്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം എടുക്കും. പിന്‍വാതില്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് വിവരം. അതേസമയം, എല്‍ഡിഎഫും യുഡിഎഫും ജനവിധി മാനിക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് കൃഷ്ണകുമാര്‍ പ്രതികരിച്ചു. ബിജെപിയുടെ ഭരണം നിലനിര്‍ത്താന്‍ ആര്‍എസ്എസ് ചില നീക്കങ്ങള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും പാലക്കാട്ടെ രാഷ്ട്രീയം പ്രധാന വാര്‍ത്തയാകും.












Click it and Unblock the Notifications