ബിജെപിയെ വെട്ടിലാക്കിയ സതീഷ് നായർ മുങ്ങി!മൻമോഹൻ സിംഗിനൊപ്പമുള്ള ചിത്രവും പുറത്ത്,യുപിഎ കാലത്തും...
തൊടുപുഴ സ്വദേശിയും മുൻ വ്യോമസേന ഉദ്യോഗസ്ഥനുമായ ഇയാൾ സമാനരീതിയിൽ മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ദില്ലി/തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ മെഡിക്കൽ കോഴ ആരോപണത്തിൽ പരാമർശിക്കുന്ന ദില്ലി മലയാളി സതീഷ് നായർ മുങ്ങിയതായി റിപ്പോർട്ട്. കോഴ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഇയാളുടെ മൊബൈൾ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫാണെന്നാണ് റിപ്പോർട്ടുകളുള്ളത്.
ദില്ലിക്ക് സമീപം ഗാസിയാബാദിൽ താമസിക്കുന്ന സതീഷ് നായർക്കാണ് കേരളത്തിലെ ബിജെപി നേതാവ് വഴി മെഡിക്കൽ കോളേജ് ഉടമ പണം നൽകിയതെന്നാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ഇതുവരെ ഈ സതീഷ് നായരെ കണ്ടെത്താൻ ആർക്കുമായിട്ടില്ല. തൊടുപുഴ സ്വദേശിയും മുൻ വ്യോമസേന ഉദ്യോഗസ്ഥനുമായ ഇയാൾ സമാനരീതിയിൽ മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരനുമായി ബന്ധമുണ്ടാക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഒരു വിഎച്ച്പി നേതാവ് മുഖേന ഇയാൾ കുമ്മനവുമായി കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. ഇതല്ലൊം മറയാക്കിയാണ് ഇയാൾ തനിക്ക് ബിജെപിയിലും കേന്ദ്രസർക്കാരിലും സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നത്.കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചും പലരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
യുപിഎ സർക്കാരിന്റെ കാലത്തും ഇതുപോലെ പല വാഗ്ദാനങ്ങൾ നൽകി പലരെയും ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനൊപ്പം നിൽക്കുന്ന സതീഷ് നായരുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇയാളുമായി ബന്ധമില്ലെന്ന് മൻമോഹൻ സിംഗിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications