ബിജെപി മെഡിക്കൽ കോഴ റിപ്പോർട്ട് കോപ്പി കാണാനില്ല!! നഷ്ടമായത് തപാലിലയച്ച കോപ്പി!! പിന്നിൽ?
മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിന്റെ ഒരു പകർപ്പാണ് നഷ്ടമായിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതൃത്വത്തെ മാത്രമല്ല, കേന്ദ്ര നേതൃത്വത്തെ പോലും പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മെഡിക്കൽ കോളേജ് കോഴ വിവാദം. കോഴ വിവാദത്തെ ചൊല്ലിയുള്ള തലവേദന ബിജെപിക്ക് അവസാനിക്കുന്നില്ലെന്നാണ് പുതിയ സൂചനകൾ.
മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ ഒരു പകർപ്പ് കാണാനില്ലെന്ന് വിവരങ്ങൾ. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുക്കുന്നത്. ഉന്നത നേതാവിൽ നിന്നാണ് റിപ്പോർട്ട് നഷ്ടമായിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉന്നതനിൽ നിന്ന്
മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിന്റെ ഒരു പകർപ്പാണ് നഷ്ടമായിരിക്കുന്നത്. പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് റിപ്പോർട്ട് കാണാതായിരിക്കുന്നതെന്നാണ് വിവരം.

തപാലിൽ അയച്ചത്
തപാലിൽ അയച്ച റിപ്പോർട്ടിൻറെ ഒരു പകർപ്പാണ് നഷ്ടമായിരിക്കുന്നത്. അന്വേഷണ കമ്മീഷൻ അംഗങ്ങളായ സംസ്ഥാന വൈസ് പ്രസിഡൻറ് കെപി ശ്രീശൻ, എകെ നസീർ എന്നിവർ രജിസ്ട്രേഡ് തപാലിലും ഇമെയിൽ വഴിയും ആണ് റിപ്പോർട്ടിന്റെ കോപ്പി അയച്ചത്.

അയച്ചത്
സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ഗണേശൻ, സഹ സംഘടനാ സെക്രട്ടറി കെ സുഭാഷ് എന്നിവർക്കായിരുന്നു റിപ്പോർട്ട് അയച്ചത്.

നഷ്ടമായത്
സെക്രട്ടറിമാരിൽ ഒരാൾക്ക് അയച്ച റിപ്പോർട്ടാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ മേൽവിലാസത്തിലാണ് റിപ്പോർട്ട് അയച്ചത്.

കേന്ദ്രത്തെ അറിയിച്ചു
റിപ്പോർട്ട് നഷ്ടമായ വിവരം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച തൃശൂരിൽ ബിജെപി സംസ്ഥാന നേതൃ യോഗങ്ങൾ നടക്കുന്നുണ്ട്. യോഗത്തിൽ ഇതും ചർച്ചയായേക്കും.

മോഹൻ ഭാഗവത് പാലക്കാട്ട്
ആർഎസ്എസ് നേതൃ യോഗങ്ങളിൽ പങ്കെടുക്കാൻ സർ സംഘചാലക് മോഹൻ ഭാഗവത് പാലക്കാട് എത്തുന്നുണ്ട്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ഭാഗവത് ചർച്ച നടത്തും.

നടപടിക്ക് ശേഷം ആദ്യം
കോഴ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ വിവി രാജേഷിനെതിരെയും വ്യാജ രസീത് വിവാദത്തിൽ പ്രഫുൽ കൃഷ്ണയ്ക്കെതിരെയും നടപടി സ്വീകരിച്ച ശേഷം ആദ്യമായാണ് സംസ്ഥാന സമിതി ചേരുന്നത്.

റിപ്പോർട്ട് തിരുത്തി
അതിനിടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തിരുത്തിയതായ വാർത്തകളും പുറത്തു വരുന്നുണ്ട്. ഇതും സംസ്ഥാന സമിതിയിൽ മുരളീധര പക്ഷം ചർച്ചയാക്കും. എന്നാൽ ഈ ആരോപണങ്ങൾ ഒരു വിഭാഗം നേതാക്കൾ തള്ളിയിട്ടുണ്ട്.












Click it and Unblock the Notifications