മെഡിക്കല്‍ കോഴ....ചെന്നിത്തല സുപ്രീം കോടതിയിലേക്ക്!! ബിജെപിക്ക് ഇട്ട് നല്ലൊരു കൊട്ടും!!
അന്വേഷിക്കണമെന്നാവശ്യെപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിക്കുന്നു. ദേശീയ തലത്തിലും അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ചെന്നിത്തല പരമോന്നത കോടതിയിലെത്തുന്നത്. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

എഴുപതിലധികം മെഡിക്കല്‍ കേളേജ്കള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ അഴിമതിയാണ് രാജ്യത്തു നടന്നതെന്ന് നേരത്തേ ചെന്നിത്തല ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെയും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെയും പങ്ക് സുപ്രീം കോടതി പരിശോധിക്കണമെന്ന് ചെന്നിത്തല അഭ്യര്‍ഥിച്ചു. ഒരു എംഎല്‍എ മാത്രമുള്ള കേരളത്തില്‍ ഇത്രയും ചെയ്തുകൂട്ടാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ കുറച്ചു കൂടി ജനപ്രതിനിധികള്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തെ ബിജെപി തീറെഴുതി കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെയുള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടുള്ള അഴിമതികള്‍ തടയുന്നതിന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയെ മറികടന്നിട്ടായിരുന്നു നടപടികള്‍. ലോധാ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞു. യഥാര്‍ഥത്തില്‍ എഴുപതോളം വരുന്ന കോളേജുകളിലെ പരിശോധന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്നിട്ടുണ്ട്. പക്ഷെ ലോധാ കമ്മിറ്റിയുടെ മുമ്പില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. അവര്‍ മാറിയ ശേഷം പുതിയ സമിതി വരുന്നതിനിടെ ഉത്തരവ് ഇറക്കിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications