മുരളീധരനെ 'വിടാതെ പിന്തുടരാന്‍' ബിജെപി; ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തും? നേമത്തിന് മറുപടി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ എന്തുവില കൊടുത്തും പരാജയപ്പെടുത്താന്‍ ബിജെപി ആലോചന. മുരളീധരന്‍ എവിടെ മല്‍സരിച്ചാലും തോല്‍പ്പിക്കാന്‍ ശ്രമിക്കും. ജയസാധ്യതയുള്ള മണ്ഡലത്തില്‍ അങ്ങനെയും അല്ലെങ്കില്‍ വോട്ട് മറിച്ചാണെങ്കിലും തോല്‍പ്പിക്കാനാണ് നീക്കമത്രെ. അതുകൊണ്ടുതന്നെ മുരളീധരന്‍ മല്‍സരിക്കുന്ന മണ്ഡലം ഇത്തവണ ശ്രദ്ധാ കേന്ദ്രമാകും.
ഏക സിറ്റിങ് സീറ്റ് പൂട്ടിച്ചത് കെ മുരളീധരനാണ് എന്നാണ് ബിജെപിയിലെ വികാരം. 2021ല്‍ നേമം ബിജെപിക്ക് നഷ്ടമായത് മുരളീധരന്റെ വരവോടെയാണ് എന്ന് ബിജെപിയും ആര്‍എസ്എസും വിലയിരുത്തുന്നു. കണക്കുകള്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്യുന്നു. തൃശൂരില്‍ ബിജെപിക്ക് വെല്ലുവിളി സൃഷ്ടിച്ചതും മുരളീധരന്റെ വരവായിരുന്നു. എങ്കിലും സുരേഷ് ഗോപി ജയിച്ചു കയറി എന്നത് വേറെ കാര്യം.

കെ മുരളീധരന്റെ പേര് രണ്ട് മണ്ഡലങ്ങളിലാണ് പറഞ്ഞുകേള്‍ക്കുന്നത്. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും പിന്നെ പാലക്കാടും. കോണ്‍ഗ്രസിന് മികച്ച അടിത്തറയുള്ള മണ്ണാണ് രണ്ടും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം മികച്ച സ്ഥാനാര്‍ഥി വന്നാല്‍ പാലക്കാട് നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇവിടെ ശോഭ സുരേന്ദ്രനെ ഇറക്കി രംഗം കൊഴുപ്പിക്കാനാണ് ബിജെപി ആലോചന.
പാലക്കാട് ബിജെപി ആശങ്കപ്പെടുന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ്. ആര്‍എസ്എസ് ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശോഭയുടെ വരവോടെ ഭിന്നതകള്‍ മാറ്റിവച്ച് എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. പ്രശാന്ത് ശിവനെ പോലുള്ള പ്രാദേശിക നേതാക്കളെ മാറ്റി നിര്‍ത്തുന്നതും ഭിന്നത ഒഴിവാക്കാനാണ്.
വട്ടിയൂര്‍ക്കാവില്‍ ഒരു പക്ഷേ ബിജെപി വോട്ടുകള്‍ മറിക്കാനാണ് സാധ്യത എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും വോട്ടുകള്‍ സിപിഎമ്മിന് മറിക്കുകയും ചെയ്യുക എന്ന പദ്ധതിയും ആലോചനയിലുണ്ടത്രെ. എന്നാല്‍ എ ക്ലാസ് മണ്ഡലത്തില്‍ ബിജെപി ഇത്തരം നീക്കം നടത്തുമോ എന്ന് കണ്ടറിയണം. രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും എതിരാളികളെ നിഷ്പ്രഭമാക്കുന്നതിലും മുരളീധരനും ഒട്ടും മോശമല്ല.
നേമത്ത് എന്താണ് സംഭവിച്ചത്?
എന്തുവന്നാലും കെ മുരളീധരനെ തോല്‍പ്പിക്കണം എന്ന കാര്യത്തില്‍ ബിജെപിയില്‍ രണ്ടഭിപ്രായമില്ല. ബിജെപിക്ക് എപ്പോഴും ഭീഷണി സൃഷ്ടിക്കുന്നത് മുരളീധരന്റെ സ്ഥാനാര്‍ഥിത്വമാണ്. 2016ല്‍ നേമത്ത് ഒ രാജഗോപാല്‍ ആണ് ജയിച്ചത്. ബിജെപിക്ക് ആദ്യമായി നിയമസഭയിലേക്ക് വാതില്‍ തുറന്നത് നേമം മണ്ഡലമാണ്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13800 വോട്ട് മാത്രമാണ് കിട്ടിയത്.
എന്നാല്‍ 2021ല്‍ ചിത്രം മാറി. കുമ്മനം രാജശേഖരനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. സിപിഎമ്മിന് പതിവ് പോലെ വി ശിവന്‍കുട്ടിയും. കോണ്‍ഗ്രസിന് വേണ്ടി മുരളീധരന്‍ എത്തിയതോടെ ബിജെപി വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായി. 36000 വോട്ട് മുരളീധരന്‍ പിടിച്ചതോടെ 4000ത്തോളം വോട്ടിന് ബിജെപി സ്ഥാനാര്‍ഥി തോറ്റു. ഏക സിറ്റിങ് മണ്ഡലം ബിജെപിക്ക് നഷ്ടമായി.












Click it and Unblock the Notifications