കേരളത്തിൽ ബിജെപിയുടെ വൻ പരീക്ഷണം, 'ഓപ്പറേഷൻ കേരള'യുടെ ഉന്നം ഒരു പ്രത്യേക സമുദായം!
Recommended Video

കോഴിക്കോട്: സിപിഎമ്മിനും കോണ്‍ഗ്രസ്സിനും പിന്നില്‍ കേരളത്തില്‍ മൂന്നാം ബദല്‍ ആവുക എന്നതല്ല ബിജെപിയുടെ ലക്ഷ്യം. പകരം ഒന്നാം ബദലാവുക എന്നതാണ് ബിജെപി ഉന്നമിടുന്നത് എന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി രാജ്‌നാഥ് സിംഗ് പറഞ്ഞത്. അമിത് ഷായുടെ ഓപ്പറേഷന്‍ കേരള പ്രതീക്ഷിച്ചിരിപ്പാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം.
അടുത്തിടെ ചില വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ചിലര്‍ നിഷേധിച്ചുവെങ്കിലും ഒരു വൈദികന്‍ ബിജെപിക്ക് അനുകൂലമായി രംഗത്ത് വന്നു. ഇത് ബിജെപിയെ സംബന്ധിച്ച് സുപ്രധാനമായ ദിശാസൂചികയാണ്. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ മുന്നേറ്റത്തിന് പാര്‍ട്ടി പദ്ധതിയിടുന്നു. കേരളത്തിലെ ബിജെപിയുടെ പദ്ധതികള്‍ ഇങ്ങനെയാണ്:

ന്യൂനപക്ഷ വോട്ടുകളിലേക്ക്
ഒരു വന്‍ പരീക്ഷണത്തിന് തന്നെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ മുതിരുന്നത്. കേരളത്തിലെ ഹിന്ദുക്കളില്‍ ഭൂരിപക്ഷവും സിപിഎമ്മിനോ കോണ്‍ഗ്രസിനോ ഒപ്പമാണ്. ഹൈന്ദവ വോട്ടുകള്‍ കൊണ്ട് മാത്രം കേരളത്തിലൊരു വിജയം സാധ്യമല്ലെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ വോട്ടുകളിലേക്ക് കൂടി പാര്‍ട്ടി കണ്ണ് വെച്ചിരിക്കുന്നത്.

അക്കൗണ്ട് തുറക്കാം
ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച സമയത്ത് ഒരു സമുദായത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അമിത് ഷാ തന്നോട് നിര്‍ദേശിച്ചതായും ആ സമുദായം ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത് വെറുതെയല്ല.

വേഗത്തിലുളള ഇടപെടല്‍
ക്രൈസ്തവരുടെ മേഖലകളില്‍ വളരെ വേഗത്തിലുളള ഇടപെടല്‍ വേണം എന്നാണ് മുകളില്‍ നിന്നുള്ള നിര്‍ദേശം. കോട്ടയത്തുള്ള വൈദികരേയും വൈദിക ട്രസ്റ്റിയേയും പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ശ്രീധരന്‍ പിള്ളയുടെ നേരിട്ടുള്ള ഇടപെടല്‍ ദേശീയ നേതൃത്വത്തിന്റെ ഈ നിര്‍ദേശത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അതേച്ചൊല്ലി പാർട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകളുണ്ടായി.

എതിര്‍സ്വരങ്ങള്‍ ആവി
എന്നാല്‍ കേന്ദ്രത്തിന്റെ നേരിട്ടുളള നിര്‍ദേശമുണ്ടെന്ന് ശ്രീധരന്‍ പിള്ള തന്നെ വിശദീകരിച്ചതോടെ എതിര്‍സ്വരങ്ങള്‍ ആവിയായി. വൈദികരെ കൂടാതെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെയും കയ്യിലെടുക്കാനുള്ള നീക്കങ്ങള്‍ ബിജെപി ഒരു വശത്ത് നടക്കുന്നു. രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും പ്രധാന ആഹ്വാനം ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തുന്നത് സംബന്ധിച്ചായിരുന്നു.

അനാവശ്യ ഭീതി
എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന തരത്തില്‍ രാജ്‌നാഥ് സിംഗും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അജണ്ട വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയെക്കുറിച്ച് അനാവശ്യ ഭീതി പരത്തിയിട്ടുണ്ട് എന്ന് പാര്‍ട്ടി കരുതുന്നു. ഈ ഇമേജ് മാറ്റിയെടുക്കാനുള്ള താഴെത്തട്ടില്‍ നിന്നുള്ള ശ്രമങ്ങള്‍ക്കാണ് ബിജെപി തുടക്കമിടുന്നത്. കോട്ടയത്തെ വൈദികന്‍ ബിജെപിയെ അനുകൂലിച്ച് സംസാരിച്ചത് അടക്കം ഇക്കാര്യത്തില്‍ ബിജെപിക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.

നിര്‍ണായക തീരുമാനങ്ങൾ
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ ചില നിര്‍ണായക തീരുമാനങ്ങളുണ്ടാകും കേന്ദ്രത്തില്‍ നിന്ന് എന്നാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. കേരളത്തിലെ നേതാക്കളെ ഈ മാസം 30ാം തിയ്യതി ദില്ലിയിലേക്ക് കൂടിയാലോചനകള്‍ക്കായി വിളിച്ചിരിക്കുകയാണ്. കേരളത്തി ബിജെപിയുടെ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങളുണ്ടാകും എന്ന് തന്നെ വേണം കരുതാന്‍.

വിജയം മാത്രം
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം അമിത് ഷായുടെ പ്രത്യേക കണ്ണുണ്ടായിരിക്കും. എല്ലാ ജില്ലകളിലും മണ്ഡലം തിരിച്ചും, പഞ്ചായത്തുകളും വാര്‍ഡുകളും തിരിച്ചും മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് തീരും വരെ വീടും കുടുംബവും മറന്ന് പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി പണിയെടുക്കാനാണ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications