സോണ്ടയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി, കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: കെ.സുരേന്ദ്രന്‍
കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നത്. മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സോണ്ട കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മ്മന്‍ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണ്. കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകള്‍ പരിശോധിക്കണം. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകന്‍ ഡയറക്ടറായ കമ്പനിയും മുഖ്യമന്ത്രിയുമായ വഴിവിട്ട ബന്ധമാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ അവര്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജന കരാര്‍ ലഭിക്കാന്‍ കാരണം.

കേരള സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് സോണ്ട നിക്ഷേപകരെ ചതിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷനുകള്‍ കമ്പനിയുമായി കരാര്‍ തുടരുന്നത് വിദേശത്ത് നടന്ന ഈ ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളിലെല്ലാം വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോണ്‍ട കമ്പനിക്ക് കരാര്‍ കൊടുത്തത്. വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഭരണ-പ്രതിപക്ഷങ്ങള്‍ കൊള്ള മുതല്‍ പങ്കുവെക്കുകയാണ്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളം. ഈ അഴിമതിയുടെ ദുരന്തഫലമാണ് വിഷപ്പുക ശ്വസിക്കലെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications