'പിണറായി വിജയന്‍ ജി, നന്ദി'; 'കേരളം'ത്തില്‍ പരസ്പരം നന്ദിയോടെ മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണം എന്ന് അടുത്തിടെ ബിജെപി ആവശ്യപ്പെട്ടിരുന്നു. 2024ല്‍ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ അറിയച്ചുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ നടപടിയില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. ഇതിന് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് കുറിപ്പ് എഴുതി.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്ന് നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത് 2024 ജൂണിലാണ്. ഇതിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യം സംരക്ഷിക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം ആവശ്യപ്പെടുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജില്ലകള്‍ വേണമെന്ന ആവശ്യപ്പെടുന്ന തീവ്രവാദ ശക്തികളെ തടയിടാന്‍ ഇതുവഴി സഹായിക്കുമെന്നു രാജീവ് ചന്ദ്രശേഖര്‍ മോദിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ നല്‍കിയതില്‍ നന്ദി അറിയിച്ച് ഈ മാസം 20നാണ് രാജീവ് ചന്ദ്രശേഖരന് മുഖ്യമന്ത്രി കത്ത് എഴുതിയത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ഥ നാമം പുനസ്ഥാപിക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. ബിജെപി അധ്യക്ഷന്‍ നല്‍കിയ പിന്തുണയില്‍ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഈ കത്ത് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇതിന് നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം: ''മുഖ്യമന്ത്രി @Pinarayi Vijayan ജി, താങ്കളുടെ കത്തിന് നന്ദി.
'കേരളം' എന്ന പേര് നമ്മുടെ ചരിത്രത്തെയും ഭാഷയെയും വേരുകളെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ പേര് പുനഃസ്ഥാപിക്കുക എന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവിന്റെ അടയാളം കൂടിയാണ്.
കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിശ്വാസവും സംരക്ഷിക്കുന്നതിനായാണ് ബിജെപി/എൻഡിഎ എക്കാലവും നിലകൊണ്ടിട്ടുള്ളത്. എന്നാൽ ദൗർഭാഗ്യവശാൽ, ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പല രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിട്ടുള്ളത്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവ വെറും മുദ്രാവാക്യങ്ങൾ മാത്രമല്ല; അത് ഞങ്ങളുടെ ദൗത്യം കൂടിയാണ്. കേരളത്തിനും മലയാളി സമൂഹത്തിനും നന്മ വരുത്തുന്ന എല്ലാ കാര്യങ്ങൾക്കും എന്നും എന്റെ പിന്തുണയുണ്ടാകും.''


Click it and Unblock the Notifications