കെ സുരേന്ദ്രന്റെ അറസ്റ്റ്; ഞായറാഴ്ച പ്രതിഷേധ ദിനമെന്ന് ബിജെപി, ഹർത്താലില്ല, വാഹനങ്ങൾ തടയും!!
തിരുവനന്തപുരം: ശബരിമലയിലേക്ക് പോലീസ് നിർദേശം അവഗണിച്ച് പോകാൻ ശ്രമിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി. ഇതിന്‍റെ ഭാഗമായി ഹൈവേകളില്‍ വാഹനങ്ങള്‍ തടയും. ഹര്‍ത്താല്‍ നടത്തില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
കെ സുരേന്ദ്രനെതിരായ പോലീസ് നടപടി ആപത്കരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈകിട്ട് അറ് മണിക്ക് ശേഷമാണ് ഇരുമുടികെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ട കെ സുരേന്ദ്രനെ പോലീസ് തടഞ്ഞത്. ഒരു കാരണവശാലും അറസ്റ്റിന് വഴങ്ങില്ലെന്നും വെടിയുതിർക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് സമയം നടന്ന വാഗ്വാദത്തിന് ശേഷം സുരേന്ദ്രൻ അടക്കം അഞ്ച് പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചിറ്റാർ പോലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്നത്തിന്റെ പേരിലാണ് കെ സുരേന്ദ്രനെയും സംഘത്തെയും പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരം അക്രമാസക്തമായി. പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. കെ സുരേന്ദ്രനെ കൊണ്ടുപോയ ചിറ്റാർ പോലീസ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു.












Click it and Unblock the Notifications