ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്നത്: എംഎ ബേബി
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്നതാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിൽ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തിൽ നമ്മൾ എടുക്കേണ്ട പ്രതിജ്ഞയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്ന കാര്യം ആണ്. നമ്മുടെ രാജ്യം നേരിടുന്ന വർഗീയ വെല്ലുവിളി അവസാനിക്കുന്നില്ല എന്നത് വരും കാലത്ത് ഭീഷണമാകാൻ പോവുകയാണ്. കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ കഴിയില്ല, ബിജെപിയെ വെല്ലുവിളിക്കാൻ ആവില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്.

ഒരു കോൺഗ്രസിതര പ്രതിപക്ഷ സാധ്യത ഉണ്ടായിരുന്ന പഞ്ചാബിൽ ജനങ്ങൾ സർവാത്മനാ അതിനെ സ്വീകരിച്ചു. തീവ്രമായ വർഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങൾക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യുപിയിൽ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സർക്കാർ നിലനിർത്തിയത്.
ജനങ്ങൾ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, സൗജന്യ ഭക്ഷ്യധാന്യ വിതരണം പോലുള്ള ആശ്വാസ നടപടികൾ ഇവിടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യത്തെയാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിൽ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തിൽ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ.- എംഎ ബേബി കുറിപ്പ് അവസാനിപ്പിക്കുന്നു.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍
അതേസമയം, വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മത്സരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്തതെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വിമർശനം. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധർ പറയുന്നു. എന്നാൽ കോൺഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല എന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്ടമായെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications