കേരളത്തിൽ ചുവടുറപ്പിച്ച് ബിജെപി; ഇനി അനിവാര്യ ശക്തി! രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി. ഇടത്-വലത് മുന്നണികളുടെ കുത്തക തകർത്ത് നിർണ്ണായക മണ്ഡലങ്ങളിൽ വിജയിച്ച ബിജെപി, കേരളത്തിലെ രാഷ്ട്രീയ ചിത്രം ദ്വിമുഖ മത്സരത്തിൽ നിന്ന് ത്രികോണ മത്സരത്തിലേക്ക് മാറ്റിയിരിക്കുന്നു. നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിലെ വിജയത്തിന് പുറമെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും പിടിച്ചെടുത്തത് സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയ്ക്ക് അടിവരയിടുന്നു.
നിയമസഭയിൽ ഇനി ഒന്നല്ല..മൂന്ന് പേർ!
തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നേമം രാജീവ് ചന്ദ്രശേഖറിലൂടെ പാർട്ടി തിരിച്ചുപിടിച്ചു. 2021-ൽ നേരിയ വോട്ടുകൾക്ക് കൈവിട്ട മണ്ഡലം മന്ത്രി വി. ശിവൻകുട്ടിയെ അട്ടിമറിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തിരിച്ചുപിടിച്ചത്. അതുപോലെ തന്നെ കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ മുന്നേറ്റം കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചു. കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച ഈ വിജയം ഐടി മേഖലയിലെയും യുവജനങ്ങളുടെയും പിന്തുണ ബിജെപിക്കൊപ്പമാണെന്ന് തെളിയിക്കുന്നു. കൊല്ലം ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും വിജയിച്ചതോടെ നിയമസഭയിൽ ബിജെപി അംഗങ്ങളുടെ എണ്ണം മൂന്നായി ഉയർന്നു.

കേരളത്തിൽ വളരുന്ന ബിജെപി
2025-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി കേരളത്തിലുടനീളം വലിയ മുന്നേറ്റമാണ് നടത്തിയത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം 50 സീറ്റുകളോടെ പിടിച്ചെടുത്തത് ബിജെപിയുടെ ചരിത്ര നേട്ടമായി മാറി. തുടർച്ചയായ മൂന്നാം തവണയും പാലക്കാട് നഗരസഭ ബിജെപി വിജയിച്ചു. കേരളത്തിലുടനീളം 26-ഓളം ഗ്രാമപഞ്ചായത്തുകളിൽ ബിജെപി തനിച്ച് ഭരണം പിടിച്ചെടുത്തു. ഇത് 2020-ലെ 19 പഞ്ചായത്തുകളിൽ നിന്നുള്ള വലിയൊരു കുതിപ്പാണ്. അതോടൊപ്പം കൊച്ചി, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ ബിജെപി തങ്ങളുടെ സീറ്റുകൾ ഇരട്ടിയായി വർദ്ധിപ്പിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബിജെപിയുടെ വോട്ടുവിഹിതത്തിലുണ്ടായ വളർച്ചയും പ്രകടമാണ്. 2016 നിയമസഭ: 15% വോട്ടുവിഹിതത്തോടെ ഒ. രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 12.4% ആയി കുറഞ്ഞെങ്കിലും പല മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ 16.8% വോട്ടുവിഹിതം നേടുകയും തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു. ഇത്തവണ ബിജെപിയുടെ വോട്ടുവിഹിതം 20 ശതമാനവും കടന്ന് മുന്നേറുമോ എന്ന് അന്തിമ കണക്കുകളിൽ വ്യക്തമാകും.
മാറുന്ന കേരള രാഷ്ട്രീയം
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും, 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യവും കേരളത്തിലെ നിഷ്പക്ഷ വോട്ടർമാരെയും യുവാക്കളെയും വലിയ രീതിയിൽ ആകർഷിച്ചു എന്നുവേണം കരുതാൻ. പ്രത്യേകിച്ച് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ബിജെപിക്ക് ലഭിച്ച വോട്ടു വർദ്ധനവ് വരും കാലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. നിയമസഭയിൽ മൂന്ന് അംഗങ്ങളുമായി ബിജെപി എത്തുമ്പോൾ, കേരളത്തിന്റെ വികസന ചർച്ചകളിൽ ഇനി ബിജെപിയുടെ ശബ്ദം അവഗണിക്കാനാവാത്ത ഒന്നായി മാറും. ദ്വിമുഖ രാഷ്ട്രീയത്തിൽ നിന്ന് കേരളം പൂർണ്ണമായും ത്രികോണ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ തിരഞ്ഞെടുപ്പാണിത്.












Click it and Unblock the Notifications