കേരളത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നോട്ട് പോകും, ഒരിടത്തും പിറകിലാകില്ല; അനില്‍ ആന്റണി
തൃശൂര്‍: സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി മുന്നോട്ട് മാത്രമെ പോകുകയുള്ളൂവെന്ന് ബി ജെ പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. എല്ലാ മണ്ഡലങ്ങളിലും ബി ജെ പി മുന്നോട്ട് പോകുമെന്നും ഒരിടത്തും പിന്നോട്ട് പോകില്ലെന്നും അനില്‍ ആന്റണി അവകാശപ്പെട്ടു. താന്‍ എന്തെങ്കിലും പദവികള്‍ക്ക് വേണ്ടിയല്ല ബി ജെ പിയിലേക്ക് എത്തിയത് എന്നും അനില്‍ കെ ആന്റണി പറഞ്ഞു.
' കോടിക്കണക്കിന് യുവാക്കളെ പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തില്‍ ഞാനും വിശ്വസിക്കുന്നു. ഇന്ത്യ ലോകത്തിനു മുന്നില്‍ മഹാശക്തിയായി മാറി കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്യം ലഭിച്ച ആദ്യ 67 വര്‍ഷം നടന്നതിലും അധികം വികസന കാര്യങ്ങളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയിരിക്കുന്നത്,' അനില്‍ ആന്റണി അവകാശപ്പെട്ടു.

ഇത്രയും വികസനം രാജ്യത്ത് മറ്റാരും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്ത് എല്ലായിടത്തും നരേന്ദ്ര മോദി വികസനമെത്തിച്ചിട്ടുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. 2014 ല്‍ 500 സ്റ്റാര്‍ട്ടപ്പായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് ഒരുലക്ഷത്തില്‍ അധികമായി. വിമാനത്താവളങ്ങള്‍ 74 ല്‍ നിന്ന് 150 ആയി ഉയര്‍ന്നെന്നും റെയില്‍വെ ലൈനുകള്‍ കൂടുതല്‍ വൈദ്യുതീകരിക്കാനായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരും നാളുകളിലും ചുരുക്കം സമയത്തിനകം കൂടുതല്‍ വികസനം അദ്ദേഹം നടപ്പാക്കും എന്ന ശുഭാപ്തി വിശ്വാസവും അനില്‍ ആന്റണി പ്രകടിപ്പിച്ചു. നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ബി ജെ പിയിലെത്തിയത് എന്നും സ്ഥാനമാനങ്ങള്‍ ഒന്നും മോഹിച്ചിട്ടില്ല എന്നും അനില്‍ ആവര്‍ത്തിച്ചു. മറ്റ് കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
പദവികള്‍ സംബന്ധിച്ച് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രചരണം നടത്തുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. സാങ്കല്‍പ്പിക ചോദ്യങ്ങളോട് മറുപടി പറയാനില്ല എന്നും അനില്‍ ആന്റണി പ്രതികരിച്ചു. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് അനില്‍ ആന്റണിയെ ബി ജെ പി ദേശീയ സെക്രട്ടറിയാക്കിയത്. ബി ബി സി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളിയതിന് പിന്നാലെയാണ് അനില്‍ ആന്റണി പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കോണ്‍ഗ്രസ് വിട്ട് മാസങ്ങള്‍ക്ക് ശേഷം അനില്‍ ആന്റണി ബി ജെ പിയിലെത്തുകയായിരുന്നു.












Click it and Unblock the Notifications