നോട്ട് നിരോധന മണ്ടത്തരത്തിനുശേഷം കള്ളപ്പണത്തെക്കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ല; തോമസ് ഐസക്
തിരുവനന്തപുരം: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഫണ്ട് സംബന്ധിച്ച കണക്ക് മഞ്ഞുമലയുടെ അരിക് മാത്രമാണെന്ന് തോമസ് ഐസക്. ഓവർ എൻവോയ്സിംഗ്, ബാങ്ക് കിട്ടാക്കടം, അഴിമതി എന്നിങ്ങനെ മൂന്നു മാർഗ്ഗേണയുള്ള കള്ളപ്പണം കഴിഞ്ഞ എട്ട് വർഷക്കാലത്തിനുള്ളിൽ ഗണ്യമായി കൂടിയിട്ടുണ്ട്. റഫേൽ വിമാന ഇടപാടുകൾപോലെ പല വിദേശ ഇടപാടുകളിലും ഭീമമായ അഴിമതിയുണ്ട്. നാട്ടിലെ അഴിമതിയുടെ പണം പലപ്പോഴും വിദേശത്താണു നൽകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
കള്ളപ്പണം പിടിച്ചെടുത്ത് ഒരോ ഇന്ത്യക്കാരന്റെ അക്കൌണ്ടിലും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഭരണം എട്ട് വർഷം പിന്നിടുമ്പോൾ "സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകൾ 50 ശതമാനം ഉയർന്ന് 30,000 കോടി രൂപയ്ക്കു മുകളിൽ ആയിരിക്കുന്നു" വെന്നും ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസക്കിന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

"ഇന്ത്യയിലെ ഓരോ കുഞ്ഞിനും അറിയാം. എവിടെയാണ് കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നതെന്ന്. ഇവ സ്വിസ് ബാങ്കുകളിലാണ്. നമുക്ക് ഇത് തിരിച്ചു കൊണ്ടുവരേണ്ടതില്ലേ?" നരേന്ദ്ര മോദി 2013 ഡിസംബർ 22-ന് നടത്തിയ ട്വീറ്റാണ്. കള്ളപ്പണമായിരുന്നു തെരഞ്ഞെടുപ്പ് കാമ്പയിനിലെ ഒരു താരം. കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കും എന്നായിരുന്നുവല്ലോ മറ്റൊരു പ്രഖ്യാപനം. ഇന്നിപ്പോൾ ഭരണം എട്ട് വർഷം പിന്നിടുമ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ തലവാചകം ഇതാണ് - "സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകൾ 50 ശതമാനം ഉയർന്ന് 30,000 കോടി രൂപയ്ക്കു മുകളിൽ ആയിരിക്കുന്നു".
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍
ഇന്ത്യാ സർക്കാരിന്റെ വിശദീകരണം സ്വിസ് ബാങ്കുകളിലെ ഡെപ്പോസിറ്റുകൾ മുഴുവൻ കള്ളപ്പണം അല്ലായെന്നാണ്. അതു ശരിയുമാണ്. അതുപോലെ തന്നെ മറ്റൊരു ശരികൂടിയുണ്ട്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ തുക ഇതിനേക്കാൾ അധികമായിരിക്കാനും സാധ്യതയുണ്ട്. കാരണം സ്വിസ് ബാങ്കുകളുടെ ഔദ്യോഗിക കണക്കുകളിൽ ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങൾ വഴി സ്വിസ് ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുള്ള തുകകൾ ഉൾപ്പെടുന്നില്ല. അവിതർക്കിതമായ ഒരു വസ്തുത അംഗീകരിച്ചേ പറ്റൂ. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ പണം 50 ശതമാനം ഉയർന്നു. ഇത് 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.
2006-ൽ 6.5 ബില്യൺ ഫ്രാങ്ക് ആയിരുന്നു ഇന്ത്യക്കാരുടെ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നത്. യുപിഎ ഭരണകാലത്ത് വിവാദങ്ങൾ ഉണ്ടായപ്പോൾ ഇത്തരം ഡെപ്പോസിറ്റുകൾ കുറഞ്ഞു. 2010-ൽ സ്വിസ് സർക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യക്കാരുടെ ഫണ്ടുകൾ 2.5 ബില്യൺ ഫ്രാങ്ക് ആയി താഴ്ന്നു. ഇത് വിദേശത്തെ കള്ളപ്പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നാണ് ബിജെപി അന്നു വാദിച്ചത്. അവരുടെ കണക്കു പ്രകാരം വിദേശത്ത് 1.5 ലക്ഷം കോടി ഡോളറിന്റെ ഇന്ത്യൻ കള്ളപ്പണം ഉണ്ടെന്നായിരുന്നു. എന്നാൽ നോട്ട് നിരോധന മണ്ടത്തരത്തിനുശേഷം കള്ളപ്പണത്തെക്കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ല.
2018-ൽ സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ ഫണ്ടുകളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നതിന് കരാർ ഉണ്ടാക്കിയിട്ടുണ്ട്. പണ്ടത്തെപ്പോലെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ സൂക്ഷിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തുക കള്ളപ്പണം ആവാൻ സാധ്യത കുറവാണ് എന്നൊക്കെയാണു ബിജെപിയുടെ ന്യായീകരണം. പക്ഷേ എന്തുകൊണ്ടാണ് 50 ശതമാനം വർദ്ധന എന്നതിനു വിശദീകരണം അപ്പോഴുമില്ല.
പണ്ട് കള്ളപ്പണത്തിൽ സിംഹപങ്കും സ്വിസ് ബാങ്കുകളിൽ ആയിരുന്നെങ്കിൽ ഇന്ന് ആ സ്ഥിതി മാറിയിട്ടുണ്ട്. മൗറീഷ്യസ്, കെ-മാൻ ഐലന്റ് തുടങ്ങിയ സർവ്വസ്വതന്ത്ര സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് കള്ളപ്പണം വഴി മാറിയിട്ടുണ്ട്. മൂന്നുതരത്തിലാണ് കള്ളപ്പണം വിദേശത്ത് ഉണ്ടാകുന്നത്.
ഒന്ന്, ഓവർ എൻവോയ്സിംഗ്: കയറ്റുമതിയുടെ വില കുറച്ചു കാണിക്കുക. ഇറക്കുമതിയുടെ വില ഉയർത്തിവയ്ക്കുക. ഇവ വഴി വിദേശത്തു കള്ളപ്പണം സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയിലെ ഇറക്കുമതി കമ്പനിക്ക് ചെറിയ ലാഭമേ ഉണ്ടാവൂ. ബാക്കി ലാഭം മുഴുവൻ മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കായിരിക്കും.
രണ്ട്, ബാങ്ക് കിട്ടാക്കടം: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് പല കോർപ്പറേറ്റുകളും കടമെടുത്ത് പണം വിദേശത്തേക്കു കടത്തുന്നു. പണം വായ്പയെടുത്ത സ്ഥാപനങ്ങൾ പൊളിയാൻ അനുവദിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇത്തരത്തിൽ ബാങ്കുകൾക്കു കുടിശികയുടെ ബാലൻസായി 2021-ൽ 5.7 ലക്ഷം കോടി രൂപയും ഇതുവരെ എഴുതിത്തള്ളിയ വകയിൽ 10.3 ലക്ഷം കോടി രൂപയും ഉണ്ട്. ഈ 16 ലക്ഷം കോടി രൂപയിൽ ഒരുപങ്ക് വിദേശത്താണ്.
മൂന്ന്, അഴിമതിപ്പണം: റഫേൽ വിമാന ഇടപാടുകൾപോലെ പല വിദേശ ഇടപാടുകളിലും ഭീമമായ അഴിമതിയുണ്ട്. നാട്ടിലെ അഴിമതിയുടെ പണം പലപ്പോഴും വിദേശത്താണു നൽകുന്നത്. ഈ മൂന്നു മാർഗ്ഗേണയുള്ള കള്ളപ്പണം കഴിഞ്ഞ എട്ട് വർഷക്കാലത്തിനുള്ളിൽ ഗണ്യമായി കൂടിയിട്ടുണ്ട്. അതുകൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ ഫണ്ട് സംബന്ധിച്ച കണക്ക് മഞ്ഞുമലയുടെ അരിക് മാത്രമാണ്.












Click it and Unblock the Notifications