'പത്ത് രൂപ ലാഭം; പ്രതിരോധ ജാഥയ്ക്ക് പെട്രോള്‍ അടിച്ചത് മാഹിയില്‍ നിന്ന്'; പരിഹസിച്ച് സുരേന്ദ്രന്‍
എല്ലാവണ്ടിയിലും പെട്രോള്‍ അടിച്ചാല്‍ പത്ത് രൂപ ലാഭം. കോഴിക്കോട്ട് നടക്കേണ്ട ജാഥ, വയനാട് നടക്കേണ്ട ജാഥ, എല്ലാത്തിനും മുമ്പേ മാഹിയില്‍ വന്ന് പെട്രോളടിച്ച് പോകുകയാണ്.

കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതിരോധ ജാഥയെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള പാഴ്ശ്രമമാണ് ജാഥയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജാഥയ്ക്കിടെ എം വി ഗോവിന്ദന്റെയും സംഘത്തിന്റെയും വാഹനത്തില്‍ ഇന്ധനം നിറച്ചത് മാഹിയില്‍ വന്നാണെന്ന് പമ്പകാര്‍ തന്നോട് പറഞ്ഞെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത് കേന്ദ്രം കൂട്ടി അതുകൊണ്ട് ഞങ്ങളും കൂട്ടി എന്നാണ്. കേന്ദ്രം എട്ട് രൂപയും പത്ത് രൂപയും കുറച്ചപ്പോള്‍ അതിന് കുറിച്ച് അവര്‍ സംസാരിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഒരു രസകരമായ സംഭവമുണ്ടായി. ഞാന്‍ കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് എം വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥ കോഴിക്കോടാണ് നടക്കുന്നത്. ഞാന്‍ നോക്കുമ്പോള്‍ ഒരു പത്തിരുപത് വാഹനങ്ങള്‍, അതായത്, ഗോവിന്ദന്റെ കാര്‍, അകമ്പടിക്കാരുടെ വാഹനങ്ങള്‍ മൈക്ക് സെറ്റ് വച്ചുകെട്ടിയ വാഹനം എല്ലാവരും മാഹിയിൽ നിന്ന് പെട്രോളടിച്ച് പോകുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
എല്ലാവണ്ടിയിലും പെട്രോള്‍ അടിച്ചാല്‍ പത്ത് രൂപ ലാഭം. കോഴിക്കോട്ട് നടക്കേണ്ട ജാഥ, വയനാട് നടക്കേണ്ട ജാഥ, എല്ലാത്തിനും മുമ്പേ മാഹിയില്‍ വന്ന് പെട്രോളടിച്ച് പോകുകയാണ്. അതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസമെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഇതേ കുറിച്ച് പെട്രോള്‍ പമ്പുകാരോട് ചോദിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ ലാഹനങ്ങള്‍ മുഴുവന്‍ ഈ ഭാഗത്ത് വന്നാല്‍ ഇവിടെ നിന്നാണ് പെട്രോളടിക്കുന്നതെന്ന് പറഞ്ഞു. കേരളത്തില്‍ പെട്രോളിനും ഡീസലിനും എത്ര മാത്രം വില വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ടെന്നതിന്റെ തെളിവാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പാവങ്ങള്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാവുകയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സര്‍ക്കാര്‍ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയില്‍ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സി പി എം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഹിന്ദുസംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനെ എന്തിനാണ് സി പി എം ഭയക്കുന്നത്. മതതീവ്രവാദികളുടെ വോട്ട് പിടിക്കാനുള്ള സി പി എമ്മിന്റെ താത്പര്യമാണ് ചര്‍ച്ചക്കെതിരായ വിറളിയിലൂടെ പുറത്ത് വരുന്നത്. സംസ്ഥാനം സമ്പൂര്‍ണമായ സാമ്പത്തിക തകര്‍ച്ചയിലായിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടന്നത്. ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉന്നതമായ രാഷ്ട്രീയ നേതൃത്വമാണ് ഇതിന് പിന്നില്‍.
ദുരിതാശ്വാസനിധി തട്ടിപ്പിനെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും തയ്യാറാവണം. മുട്ടില്‍ മരം മുറി കേസിലും പ്രളയഫണ്ട് തട്ടിപ്പിലും സംഭവിച്ചത് തന്നെയാണ് ദുരിതാശ്വാസനിധി തട്ടിപ്പിലും സംഭവിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും അനര്‍ഹര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് പ്രതികരിക്കാനാവാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു .












Click it and Unblock the Notifications