രാജിസന്നദ്ധത അറിയിച്ച് സുരേന്ദ്രന്‍... ശോഭയേയും വലിച്ച് താഴെയിടാന്‍ ശ്രമം, 'പാര്‍ട്ടിയെ തോല്‍പ്പിച്ചു'
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാനൊരുങ്ങി കെ സുരേന്ദ്രന്‍. രാജി വെക്കാന്‍ തയ്യാറാണ് എന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം. എന്നാല്‍ സുരേന്ദ്രന്റെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളി എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതിനിടെ ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും എന്ന് കെ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനാണ് തോല്‍വിക്ക് കാരണം എന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് മുന്നിലും ഈ ആരോപങ്ങള്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് പാലക്കാട്ടെ ബിജെപിയുടെ മുന്നേറ്റം അട്ടിമറിച്ചത് എന്നാണ് സുരേന്ദ്രന്റെ ആരോപണം. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ കണ്ണാടി മേഖലയില്‍ വോട്ട് മറിച്ചു. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗണ്‍സിലര്‍മാര്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാറിനെതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ ആരോപിക്കുന്നു.
പാലക്കാടിലെ ഉപതിരഞ്ഞെടുപ്പ് തോല്‍വി സഹപ്രഭാരിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണം എന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ ആവശ്യം. സംസ്ഥാനത്തെ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇവിടെ പരാജയപ്പെട്ടു എന്നതിലുപരിയായി വോട്ടില്‍ വലിയ ചോര്‍ച്ച ഉണ്ടായി എന്നതാണ് ബിജെപിക്ക് തിരിച്ചടിയായത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമാണ് ബിജെപി പാലക്കാട് തോല്‍വി സമ്മതിച്ചത്.
അന്ന് ഇ ശ്രീധരന്‍ യുഡിഎഫിലെ ഷാഫി പറമ്പിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അവസാന നിമിഷം കേവലം 3000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു സിറ്റിംഗ് എംഎല്‍എയായ ഷാഫി പറമ്പിലിന് ലഭിച്ചത്. അതിനാല്‍ തന്നെ ഇത്തവണ ഷാഫിയില്ലാത്ത പാലക്കാടില്‍ ജയിക്കാം എന്നായിരുന്നു ബിജെപി പ്രതീക്ഷ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലമാണിത്.
2016 ല്‍ ശോഭ സുരേന്ദ്രന് 40000 ത്തോളം വോട്ടും ലഭിച്ചിരുന്നു. ഇത്തവണയും ശോഭയെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ ഔദ്യോഗികപക്ഷം സി കൃഷ്ണകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. കൃഷ്ണ കുമാറിന് 37000 വോട്ട് മാത്രമാണ് നേടാനായത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്ന വിമര്‍ശനമാണ് സുരേന്ദ്രന് നേരെ ഉയരുന്നത്.












Click it and Unblock the Notifications