യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ വീണ്ടും അട്ടിമറി. ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ യു ഡി എഫ് നഗരസഭ ഭരണം പിടിച്ചു. എല്‍ ഡി എഫ് ഭരണ സമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി ജെ പിയുടെ 4 അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 35 അംഗ നഗരസഭാ കൗണ്‍സിലിൽ ബി ജെ പിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെയാണ് അവിശ്വാസ പ്രമേയം പാസായം. 12 പേർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.
നഗരസഭയില്‍ ബി ജെ പിക്ക് ആകെ 8 അംഗങ്ങളാണുള്ളത്. ഇതില്‍ 4 പേർ യു ഡി എഫിനെ പിന്തുണച്ചപ്പോള്‍ 4 പേർ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിർദേശം മറികടന്നാണ് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്. ജിതേഷ് ഇഞ്ചക്കാട്ട്, ടി എസ് രാജന്‍, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബിന്ദു പത്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.

പി ജി രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവരാണ് പാർട്ടി വിപ്പ് അനുസരിച്ച് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ബി ജെ പി - യു ഡി എഫ് ബന്ധത്തിന്റെ പരസ്യമായ തെളിവാണ് തൊടുപുഴയിലേതെന്ന് എല്‍ ഡി എഫ് ആരോപിക്കുന്നു. ബി ജെ പി വിപ്പ് നല്‍കിയെങ്കിലും അവിശ്വാസം പ്രമേയം പാസാകുന്നതിനുള്ള കൃത്യമായ വോട്ടുകള്‍ മറിക്കാനുള്ള ധാരണ ഇരുകക്ഷികള്‍ക്കും ഇടയിലുണ്ടായിരുന്നുവെന്നും അവർ അവകാശപ്പെടുന്നു.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യു ഡി എഫ് -13, എല്‍ ഡി എഫ്- 12, ബി ജെ പി -8 , ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് തൊടുപുഴയിലെ കക്ഷി നില. യുഡിഎഫ് വിമതൻ സനീഷ് ജോർജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മുന്നണിയിൽ എത്തിച്ച എല്‍ ഡി എഫ് അദ്ദേഹത്തിന് ചെയർമാന്‍ പദവി നല്‍കി ഭരണം പിടിക്കുകയായിരുന്നു. യു ഡി എഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച എല്‍ ഡി എഫ് അവർക്ക് വൈസ് പ്രസിഡന്റ് പദവിയും നല്‍കി.
കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ്ജിന് കഴിഞ്ഞ വർഷം പദവി രാജിവെക്കേണ്ടി വന്നു. പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം പിടിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും മുസ്‌ലിം ലീഗ് കൗൺസിലർമാർ സി പി എം സ്ഥാനാർഥിയെ പിന്തുണച്ചതോടെയാണ് എൽ ഡി എഫ് ഭരണം നിലനിർത്തുകയായിരുന്നു. സി പി എം സ്ഥാനാർഥി സബീന ബിഞ്ചുവിന് ലീഗിലെ ആറിൽ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തതോടെ 10 നെതിരെ 14 വോട്ടുകള്‍ക്കായിരുന്നു ഇടത് വിജയം.












Click it and Unblock the Notifications