മുഖ്യമന്ത്രിക്ക് പിന്തുണയുമായി കാനം, 'കസ്റ്റംസിനെ ഉപയോഗിച്ച് ബിജെപിയുടെ തരംതാണ രാഷ്ട്രീയക്കളി'
തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തരംതാണ രാഷ്ട്രീയക്കളിക്കാണ് കസ്റ്റംസിനെ ഉപയോഗിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കുറ്റപ്പെടുത്തി.
കേന്ദ്ര ഏജന്‍സികള്‍ക്ക് കേസന്വേഷണത്തില്‍ താല്‍പ്പര്യമില്ലെന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ ബോധ്യപ്പെട്ടതാണ്. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി സുപ്രധാന ഏജന്‍സികളെ മാറ്റുന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കെതിരായ ഇപ്പോഴത്തെ നിലപാട്.
സ്വര്‍ണ്ണക്കടത്തിലുള്‍പ്പെടെ ഉറവിടം കണ്ടെത്താനോ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനോ കഴിയാത്ത ഏജന്‍സികളാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തന്‍ തിരക്കഥയുമായി എത്തുന്നത്. ബിജെപി, യുഡിഎഫ് നിലപാടിനനുസരിച്ച് രൂപപ്പെടുത്തുന്ന ഈ തിരക്കഥ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പുള്ള ഒരു സ്റ്റേറ്റ്മെന്റിന്റെ പേരില്‍ ഇക്കാലയളവിനുള്ളില്‍ യാതൊരു തെളിവും ഹാജരാക്കാനില്ലാതെ മുഖ്യമന്ത്രിയടക്കമുള്ളവരെ അധിക്ഷേപിക്കാന്‍ നടത്തുന്ന നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടര്‍ഭരണത്തിലേക്ക് നീങ്ങുന്നതില്‍ വിറളിപിടിച്ചിരിക്കുന്നവര്ക്കുവേണ്ടി സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് എന്നും കാനം ആരോപിച്ചു.
ജയിലില്‍ക്കിടക്കുന്ന ഒരു പ്രതിയുടെ മൊഴി വേദവാക്യമാക്കുന്നവര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ കഴിയാത്തതിനെ പറ്റി ഒരക്ഷരം പോലും ഉരിയാടുന്നില്ല. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പൊറാട്ടുനാടകങ്ങളാടാമെന്ന മോഹം കേരളത്തില്‍ വിലപ്പോവുകയില്ലെന്നും സത്യസന്ധമായ രാഷ്ട്രീയ - പൊതുപ്രവര്‍ത്തനം നടത്തുന്ന എല്‍.ഡി.എഫിന് ഇതിനെയെല്ലാം അതിജീവിക്കാനാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റുന്ന നാണംകെട്ട കളികള്‍ക്ക് കസ്റ്റംസ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നിന്നുകൊടുക്കുന്നതെന്നും ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.