അടുത്ത തവണ കേരളം ബിജെപിയ്ക്ക്, മുഴുവൻ ജനവും ബിജെപിയിൽ ചേരും, താൻ പോകുന്നത് പറയാറായിട്ടില്ല: പിസി ജോർജ്
പത്തനംതിട്ട: അടുത്ത തിരഞ്ഞെടുപ്പിൽ കേരളം ബിജെപി പിടിക്കുമെന്ന് മുൻ പൂഞ്ഞാർ എംഎൽഎയും കേരള ജനപക്ഷം നേതാവുമായ പിസി ജോർജ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ജോസഫ് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് പിസി ജോർജിന്റെ പ്രതികരണം. കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കാൻ വലിയ ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
വിക്ടര്‍ തോമസ് ബിജെപിയില്‍ ചേരുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ് എന്ന് പിസി ജോർജ് റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു. 'കാരണം വിക്ടര്‍ ജോസഫിന് കേരള കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ല. കാരണം കഴിഞ്ഞ 15 വര്‍ഷമായി ജോസഫ് എം പുതുശ്ശേരിയുമായി വിക്ടര്‍ ജോസഫ് അടിയാണ്. രണ്ട് തവണയും തിരുവല്ലയില്‍ വിക്ടറിനെ പുതുശ്ശേരി കാലുവാരി തോല്‍പ്പിച്ചതാണ്'.

'അപ്പോള്‍ മുതല്‍ വിക്ടര്‍ ജോസഫ് നിരാശനാണ്. പാര്‍ട്ടിക്കുളളില്‍ തര്‍ക്കമൊക്കെ ഉണ്ടായി. പക്ഷേ പുതുശ്ശേരിക്കൊപ്പമാണ് പാര്‍ട്ടിയിലെ എല്ലാവരും നിന്നത്. വിക്ടര്‍ ജോസഫ് ഒറ്റപ്പെട്ടു. സ്വാഭാവികമായും അയാള്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ കുറ്റം പറയാന്‍ സാധിക്കില്ല'.
ബിജെപിയില്‍ ചേരുകയല്ലാതെ വിക്ടര്‍ ജോസഫിന് മറ്റെന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പിസി ജോര്‍ജ് ചോദിച്ചു. വിക്ടര്‍ ജോസഫിനെ അഭിനന്ദിക്കുന്നുവെന്നും അയാള്‍ അങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ നോക്കട്ടെ എന്നും പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ എന്നൊക്കെ ഒരു ചുക്കുമല്ലാത്ത സ്ഥാനമാണ് എന്ന് അത് വേണ്ടെന്ന് വെച്ചപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
പത്തനംതിട്ട യുഡിഎഫിന്റെ ശക്തികേന്ദ്രമാണോ എന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ കാണിച്ച് കൊടുക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യാനികള്‍ മാത്രമല്ല കര്‍ഷകര്‍ മുഴുവന്‍ ബിജെപിയിലേക്ക് പോകും. നായരും പോകും ഈഴവനും പോകും. ഇവിടെ ഉളള മുഴുവന്‍ ജനവും പോകും. കേരളം അടുത്ത തവണ ബിജെപിയുടെ കയ്യില്‍ പോകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
താന്‍ ബിജെപിയിലേക്ക് പോകുമോ എന്നത് ഇപ്പോള്‍ പറയാറായിട്ടില്ല. തന്റെ കാര്യം ചര്‍ച്ച ചെയ്തിട്ട് മാത്രമാണ് തീരുമാനിക്കുക. നിങ്ങളെ അറിയിച്ചിട്ട് മാത്രമേ ബിജെപിയിലേക്ക് പോവുകയുളളൂ എന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് പിസി ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം എന്‍ഡിഎയുടെ ഭാഗമായത്. എല്‍ഡിഎഫും യുഡിഎഫിനും ജോര്‍ജിന് മുന്നില്‍ വാതിലടച്ചതോടെ ആയിരുന്നു ഇത്.
പിസി ജോര്‍ജിലൂടെ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കാം എന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ പത്തനംതിട്ട മണ്ഡലത്തില്‍ പിസി ജോര്‍ജിന്റെ സഹായം ബിജെപിക്ക് ഗുണം ചെയ്തില്ല. കോന്നിയില്‍ മത്സരിച്ച കെ സുരേന്ദ്രന്‍ പരാജയപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ചലനമുണ്ടാക്കാനായില്ല. തുടര്‍ന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജ് ബിജെപി ബന്ധം ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications