തിരഞ്ഞെടുപ്പിലെ വിജയത്തിന് ബിജെപി ഏതറ്റം വരേയും പോവും: പ്രവർത്തകർക്ക് മുന്നറിയിപ്പുമായി സ്റ്റാലിന്‍
ചെന്നൈ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ബി ജെ പി ഏതറ്റം വരേയും പോകുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. ഇതിന് ഏത് വിധേനയും തടയിടണമെന്ന് പറഞ്ഞ സ്റ്റാലിന്‍ സംസ്ഥാനത്തെ 39 പാർലമെന്റ് മണ്ഡലങ്ങളിലും പുതുച്ചേരിയിലെ ഏക സീറ്റിലും ഡി എം കെ നേതൃത്വം നല്‍കുന്ന മുന്നണി വിജയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഡിഎംകെയുടെ 15-ാമത് ജനറൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബി ജെ പിയുടെയും എ ഐ എഡി എംകെയുടെയും നുണകളെ നേരിടാൻ നമ്മള്‍ തയ്യാറായിരിക്കണം, പാർലമെന്റ് തിരഞ്ഞെടുപ്പിനായി രണ്ട് കമ്മിറ്റികളിലും ഇപ്പോൾ മുതൽ പ്രവർത്തിക്കാൻ തുടങ്ങണം" ഡി എം കെ അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ഡി എം കെ സ്ഥിരമായി ഭരിക്കുന്ന പാർട്ടിയാകുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിച്ചതിനാൽ ഞങ്ങൾക്ക് അശ്രദ്ധരായിരിക്കാൻ കഴിയില്ല. ഈ വിജയം നിലനിർത്താൻ നാം ശ്രദ്ധിക്കണം. ഈ വിജയം ശാശ്വതമായി നിലനിർത്തണം. ഇനിമുതൽ ഡിഎംകെ തമിഴ്‌നാട്ടിൽ സ്ഥിരമായി ഭരിക്കുന്ന സർക്കാരായിരിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ല. ഈ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം അടുത്ത സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 100 ശതമാനം വിജയത്തിനുള്ള അടിത്തറയായിരിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
"നമ്മുടെ ആശയത്തേയും പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുക. നമ്മുടെ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഇവ വളരെ പ്രധാനമാണ്. 40 മണ്ഡലങ്ങളിലും വിജയിക്കുകയും ദേശീയ രാഷ്ട്രീയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും വേണം. ഇക്കാര്യത്തിൽ ആരും ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്" ഡി എം കെ അധ്യക്ഷൻ വ്യക്തമാക്കി.
ജനങ്ങളുടെ മതപരവും ആത്മീയവുമായ വികാരങ്ങൾ ഇളക്കിവിട്ട് രാഷ്ട്രീയം നേട്ടം കൊയ്യാനാണ് ബി ജെ പി ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരിക്കലും രാഷ്ട്രീയവും ആത്മീയതയും കൂട്ടിക്കുഴക്കാത്തതിനാൽ സംസ്ഥാനത്ത് ബി ജെ പി ഇപ്പോൾ ശ്വാസം മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് മറക്കരുത്. ബി ജെ പിക്ക് അവരുടെ നേട്ടങ്ങൾ നിരത്താൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications