'ബിജെപി 3 സീറ്റുകൾ പിടിച്ചത് അപകടകരം, പരാജയം ഒന്നിന്റേയും അവസാനമല്ല', പ്രതികരിച്ച് പി ജയരാജൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് പി ജയരാജൻ. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബിജെപി മൂന്ന് സീറ്റിൽ വിജയിച്ചത് അപകടകരമാണെന്നും കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും പി ജയരാജൻ വ്യക്തമാക്കുന്നു. എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ പി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കോ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കോ വരണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഇടത് അനുഭാവികൾ ഉന്നയിക്കുന്നുണ്ട്.
പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ''കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ല. പാർലമെന്റിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. ആ സമര പോരാട്ടം ഏറ്റവുമൊടുവിൽ നോയിഡയിൽ ഉൾപ്പെടെ ഈയിടെ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ വ്യക്തമായതാണ്.
മോദി സർക്കാർ ഇന്ത്യൻ കർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ ശ്രമിച്ചപ്പോൾ അതിനെ ഇന്ത്യയിലെ കർഷകർ ചെറുത്ത് തോൽപ്പിച്ചത് ഇടതുപക്ഷത്തിന് പാർലമെന്റിലുള്ള അംഗബലം കൊണ്ടല്ലെന്ന് തിരിച്ചറിയണം. ഉത്തരേന്ത്യയിലെ കർഷകരുടെ ഐതിഹാസികമായ സമരത്തെ തുടർന്ന് ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പാർലമെന്റിന് ഈ മൂന്ന് ബില്ലും പിൻവലിക്കേണ്ടിവന്നു.

അഞ്ചു സംസ്ഥാന നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. കേരളം,തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ പർജയപ്പെട്ടു. ഈ മൂന്ന് സർക്കാരുകൾ പൊതുവിൽ കേന്ദ്ര ബിജെപി ഗവൺമെന്റിനെതിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവയായിരുന്നു. അസമിലും പുതുച്ചേരിയിലും ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചു. മൊത്തത്തിൽ വലതുപക്ഷ ശക്തികൾക്കാണ് മുന്നേറ്റമുണ്ടായത്.
കേരളത്തിലാണെങ്കിൽ ഇടതുപക്ഷത്തെ തോല്പിച്ച് വലതുപക്ഷം നേടിയ വിജയത്തിന്റെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമായി. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ അധികാരത്തിന് വെളിയിൽ നിൽക്കേണ്ടിവന്ന വലതുപക്ഷത്തിന് അധികാരം തിരിച്ചുപിടിക്കാനായി. അതിനാൽ കേരളത്തിന്റെ വലതുപക്ഷവത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്.
കേരളത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അപകടകരമായ മറ്റൊരുതലം ബിജെപി നേടിയ മൂന്ന് നിയമസഭാ സീറ്റുകളാണ്. അരനൂറ്റാണ്ടുകൾ കാലം അധികമായി ആർഎസ് എസ് സമൂഹത്തിൽ നുഴഞ്ഞുകയറാൻ പലവിധത്തിൽ പരിശ്രമിക്കുകയുണ്ടായി. ഇത്തരം പരിശ്രമങ്ങൾക്ക് തടസം കമ്മ്യൂണിറ്റുകാരാണെന്ന അവരുടെ ബോധ്യത്തെ അടിസ്ഥാനപ്പെടുത്തി ആശയപരവും കായികവുമായ അഴിച്ചുവിട്ട ആക്രമണങ്ങളെല്ലാം സിപിഐ എമ്മിന് എതിരായിരുന്നു. കേരളത്തിലെ പതിമൂന്ന് ജില്ലകളിലായി 215 പാർട്ടി പ്രവർത്തകരുടെ രക്തസാക്ഷിത്വം അതിന്റെ ഫലമായിരുന്നു.
ആർഎസ്എസ്സിന്റെ കായിക ആക്രമണങ്ങൾ അവർ അവസാനിപ്പിക്കാൻ നിർബന്ധിതരായെങ്കിലും അവരുടെ ആശയപരമായ അധിനിവേശ ശ്രമം തുടരുകയാണ്. ഇതിനെ ആശയപരമായി ചെറുക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന യഥാർത്ഥ്യം നിലനിൽക്കുന്നു. ആ പോരാട്ടം തുടരുകതന്നെവേണം. അതേസമയം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അതിൽ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടതിന്റെ ആവശ്യകതയും ഉൾപ്പെടും. കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം.
"തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്. തെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയ നിരാശയിൽ നിന്ന് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളും വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന നിലയുണ്ട്. പാർട്ടി അനുഭാവികൾകുള്ള അത്തരം അഭിപ്രായങ്ങൾ പാർട്ടി നേതൃത്വത്തിന് നൽകുകയാണ് വേണ്ടത്. പാർട്ടി അനുഭാവികളുടെ അത്തരം കത്തുകൾ ഗൗരവമായി പരിഗണിക്കുന്ന പാർടിയാണ് സിപിഐ(എം). കയ്യൂരിന്റെയും കരിവുള്ളൂരിന്റെയും പുന്നപ്രവയലാറിന്റെയും ഉജ്വല പാരമ്പര്യമുള്ള നമ്മുടെ പാർട്ടി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കരുത്തുള്ള പ്രസ്ഥാനമാണ്. വലതുപക്ഷത്തിനെതിരായ ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിർത്തിക്കൊണ്ടുള്ള പോരാട്ടം തുടരും." നാം അതിജീവിക്കുക തന്നെ ചെയ്യും.....''














Click it and Unblock the Notifications