'കേരളത്തിൽ ബിജെപി നിലംതൊടില്ല; ബിജെപി മൂന്നാമതും അധികാരത്തിലേറിയാൽ ആപത്ത്'; പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്ത് ഒരു തവണകൂടി ബിജെപി അധികാരത്തിൽ വന്നാൽ ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത രാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി നിലംതൊടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എൽഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഒട്ടേറെ വൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. അനേകം ഭാഷകൾ, വ്യത്യസ്തങ്ങളായ മതങ്ങൾ, ജാതികൾ,ഓരോ പ്രദേശത്തും നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗത്തും പ്രത്യേക സംസ്കാരങ്ങളുണ്ട് ഇങ്ങനെ ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ രാഷ്ട്രമാണ് ആ രാഷ്ട്രം ഒന്നിച്ച് നീങ്ങിയത് സ്വാതന്ത്ര്യ സമരകാലത്താണ്.ബ്രിട്ടീഷുകാരെ പുറത്താക്കാൻ രാജ്യം ഒന്നാകെ അണിനിരന്നു. അങ്ങനെയാണ് നാനാത്വത്തിൽ ഏകത്വം നമ്മുടെ രാജ്യത്ത് നടപ്പാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയാണ് സ്വാതന്ത്ര്യാന്തര ഇന്ത്യയിൽ ഉണ്ടാക്കിയത്. സ്വാതന്ത്ര്യ സമരഘട്ടത്തിൽ ഉയർത്തിയ മൂല്യങ്ങളുടെ സ്വാംശീകരണമായിരുന്നു അത്.

ഈ അവസ്ഥയാണ് സ്വാതാന്ത്ര്യ സമരത്തിന് അന്നേ എതിരായിരുന്ന ആർ എസ് എസും ബി ജെ പിയും ഇപ്പോൾ ഇല്ലാതാക്കാൻ നോക്കുന്നത്. നാടിന്റെ , രാജ്യത്തിന്റെ ഏകീകൃത നില അവർ ഇഷ്ടപ്പെടുന്നില്ല.വ്യത്യസ്തത അവർ ഇഷ്ടപ്പെടുന്നില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ നിങ്ങൾ കഴിച്ചോളണം , മാറിക്കഴിച്ചാൽ അത് വർഗീയ സംഘർഷത്തിനിടയാക്കും. അതിന്റെ ഭാഗമായുളള കൊലകൾ അരങ്ങേറുന്നത് നാം കണ്ടു.
നമ്മുടെ രാജ്യത്ത് പശുവിനെ അടിസ്ഥാനമാക്കിയുള്ള ഒരുപാട് സംഘർഷങ്ങൾ ഉണ്ടായി. ഇത്തരത്തിൽ ജനങ്ങളിൽ ഒരുവിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തി ആക്രമണം അഴിച്ചുവിടുന്ന ഒട്ടേറെ സാഹചര്യങ്ങൾക്ക് നമ്മുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഇതെല്ലാം ഒരേ ലക്ഷ്യത്തോടെയായിരുന്നു, മതാധിഷ്ഠിത രാഷ്ട്രമാണ് അവരുടെ ലക്ഷ്യം.
ഏത് മതത്തിൽ വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതിയാണ് ലഭിക്കേണ്ടത്. പ്രത്യേക വിഭാഗത്തിൽ പെട്ടത് കൊണ്ട് പ്രത്യേക സംരക്ഷണമില്ല. ഇതാണ് മാറ്റി മറിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിൽ കഴിയേണ്ടി വരികയാണ്. ഓരോ ചുവടും മതാധിഷ്ഠിത രാഷ്ട്രം നിർമ്മിക്കാനാണ്.
രണ്ട് തവണ കഴിഞ്ഞ് മൂന്നാം തവണയും ബി ജെ പി അധികാരത്തിൽ വരുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ രാജ്യത്തിന് അപരിഹാര്യമായ ആപത്താണ് സംഭവിക്കാൻ പോകുന്നത്. പിന്നെ നാം ദുഃഖിച്ചിട്ട് കാര്യമില്ല. ഈ വസ്തുത, നമ്മൾ പൊതുവെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ആപത്ത് ഒഴിവാകേണ്ടതാണെന്ന പൊതുനിലപാടിൽ ആളുകൾ എത്തിച്ചേർന്നിരിക്കുകയാണ്', പിണറായി വിജയൻ പറഞ്ഞു.












Click it and Unblock the Notifications