ഇങ്ങനെയൊക്കെ തോൽക്കാമോ.. തിരഞ്ഞെടുപ്പ് തോൽവികളിൽ രണ്ടക്കം തികച്ച് ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും
ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ട് പ്രമുഖ ബിജെപി നേതാക്കളുടെ തോല്‍വി കാണുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വടക്കന്‍ വീരഗാഥയിലെ വിഖ്യാതമായ ആ ഡയലോഗ് ആണ്, തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. ബിജെപിയുടെ സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തോല്‍വികള്‍ ഒരു പുത്തരിയല്ല.
നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലുമായി പലതവണ രണ്ട് പേരും തോല്‍വിയേറ്റുവാങ്ങിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കൂടി തോറ്റതോടെ തോല്‍വിയുടെ കാര്യത്തില്‍ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ടക്കം തികച്ചിരിക്കുകയാണ്. ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിലടക്കം ഇത് രണ്ട് പേരുടേയും പത്താമത്തെ തോല്‍വിയാണ്.
പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ബിജെപി വലിയ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തിയ എ ക്ലാസ് മണ്ഡലങ്ങളാണ്. അതില്‍ പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ വിജയിക്കാനുളള സാധ്യത പല സര്‍വ്വേകളും മുന്നോട്ട് വെച്ചിരുന്നു.

എന്നാല്‍ പാലക്കാട് 13147 വോട്ടുകള്‍ക്കാണ് കന്നിയങ്കത്തിന് ഇറങ്ങിയ നടന്‍ രമേഷ് പിഷാരടി ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. രമേഷ് പിഷാരടിക്ക് 62199 വോട്ടുകളും ശോഭാ സുരേന്ദ്രന് 49052 വോട്ടുകളുമാണ് ലഭിച്ചത്. ഇതിന് മുന്‍പ് 2004ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലും 2006ല്‍ പൊന്നാനിയിലും 2009ല്‍ എറണാകുളം ഉപതിരഞ്ഞെടുപ്പിലും 2011ല്‍ പുതുക്കാടും മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും ഷാഫി പറമ്പിലിന് പിന്നില്‍ ശോഭാ സുരേന്ദ്രന്‍ രണ്ടാമതായി എത്താനേ സാധിച്ചുളളൂ. 2021ലെ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ചപ്പോള്‍ കടകംപള്ളി സുരേന്ദ്രനോട് പരാജയം ഏറ്റുവാങ്ങി. 2014ല്‍ പാലക്കാട്, 2019ല്‍ ആറ്റിങ്ങല്‍, 2024ല്‍ ആലപ്പുഴ ലോക്‌സഭാ സീറ്റുകളിലും മത്സരിച്ചെങ്കിലും ശോഭാ സുരേന്ദ്രന്‍ പരാജയപ്പെട്ടു.
2009ല്‍ കാസര്‍കോഡ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കെ സുരേന്ദ്രന്‍ തോറ്റ് തുടങ്ങിയത്. അതിന് ശേഷം 2014ല്‍ വീണ്ടും കാസര്‍കോഡ് തോറ്റു. 2019ല്‍ പത്തനംതിട്ടയിലും 2024ല്‍ വയനാട്ടിലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയേറ്റു വാങ്ങി.
2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഞ്ചേശ്വരത്ത് നിന്നും കെ സുരേന്ദ്രന്‍ പരാജയപ്പെട്ടു. 2021ല്‍ കോന്നിയില്‍ നിന്നും കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. പക്ഷേ തോല്‍വിയായിരുന്നു പതിവ് പോലെ ഫലം. 2019ലെ കോന്നി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും കെ സുരേന്ദ്രനെ വിജയം തുണച്ചില്ല. ഇത്തവണയും മഞ്ചേശ്വരത്താണ് സുരേന്ദ്രൻ മത്സരിച്ചത്. പക്ഷേ 29252 വോട്ടുകൾക്ക് യുഡിഎഫിന്റെ എകെഎം അഷ്റഫിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടു.














Click it and Unblock the Notifications