രാമനിലയത്തില്‍ പോയത് ഇപി ജയരാജന്റെ താല്‍പ്പര്യത്തില്‍; മന്ത്രി രാധാകൃഷ്ണനെയും കണ്ടു എന്ന് ശോഭ സുരേന്ദ്രന്‍
ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തിയ സംഭവം വിവാദമായ പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍. തൃശൂര്‍ രാമനിലയം ഗസ്റ്റ് ഗൗസില്‍ ഇപി ജയരാജന്റെ താല്‍പ്പര്യ പ്രകാരമാണ് താന്‍ ചെന്നത് എന്ന് ശോഭ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താനും നന്ദകുമാറും ജയരാജനും രാമനിലയത്തില്‍ വച്ച് ചര്‍ച്ച നടത്തി. നന്ദകുമാര്‍ ഇപ്പോള്‍ മാറ്റി പറയുന്നുണ്ടെങ്കില്‍ ഇപി ജയരാജന്റെ ആവശ്യപ്രകാരമായിരിക്കാം. താന്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചിട്ടില്ല. രാമനിലയത്തില്‍ എത്തിയ സമയം മന്ത്രി രാധാകൃഷ്ണനെയും കണ്ടിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. രാമനിലയത്തിലെത്തിയപ്പോള്‍ സംഭവിച്ചത് എന്താണെന്ന് ശോഭ വിശദീകരിച്ചു.

''തന്നെ കാണാന്‍ ഇപി ജയരാജന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചത് പ്രകാരമാണ് രാമനിലയത്തില്‍ പോയത്. തൃശൂരിലെ അയ്യന്തോളില്‍ തന്റെ വീടുണ്ട്. അവിടെ വരാതെ അദ്ദേഹം രാമനിലയത്തില്‍ എത്താനാണ് ആവശ്യപ്പെട്ടത്. താനും നന്ദകുമാറും ഒരു മുറി ബുക്ക് ചെയ്ത് അവിടെ ഇരുന്നു. ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, ഇവിടെ മന്ത്രി രാധാകൃഷ്ണനുണ്ട് എന്ന് ജയരാജന്‍ പറഞ്ഞു...
ഇക്കാര്യം ശരിയാണോ എന്ന് പരിശോധിക്കാന്‍ കോറിഡോറിലേക്ക് താന്‍ പോയി നോക്കി. അവിടെ മന്ത്രിയും പോലീസുകാരും നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ നമസ്‌കാരം പറഞ്ഞു. മന്ത്രി തിരിച്ചും പറഞ്ഞു. അദ്ദേഹവും പോലീസും അവിടെ നിന്ന് പോയി. തിരിച്ച് റൂമിലെത്തി അല്‍പ്പം നേരം കഴിഞ്ഞപ്പോഴാണ് ഈ മുറിയിലേക്ക് ഇപി ജയരാജന്‍ എത്തിയതും ചര്‍ച്ച നടത്തിയതും...
മൂന്ന് തവണ താന്‍ ജയരാജനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നന്ദകുമാറിനെ ഇതുവരെ തള്ളിപ്പറയാന്‍ ഇപി ജയരാജന്‍ തയ്യാറായിട്ടില്ല. ശോഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. എന്തുകൊണ്ട് നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാണ് എന്റെ ചോദ്യം. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു...
ജയരാജനുമായുള്ള ചര്‍ച്ച വളരെ രഹസ്യമായി കൊണ്ടുപോകണമെന്ന് ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമറിയാം. അദ്ദേഹം കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത് മാധ്യമങ്ങളില്‍ കണ്ടിരുന്നു. ജയരാജനെ പിന്തിരിപ്പിച്ചത് കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വവും മുഖ്യമന്ത്രിയുമാണ് എന്നാണ് താന്‍ മനസിലാക്കുന്നത് എന്നും'' ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ഇപി ജയരാജന്‍ രംഗത്തുവന്നു. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അല്‍പ്പം സന്തോഷം കിട്ടുന്നുവെങ്കില്‍ നല്ലത്. പ്രത്യേക ലക്ഷ്യത്തോടെ ഒരു വ്യാജ വാര്‍ത്ത നിര്‍മാണ കേന്ദ്രം പുറത്തുവിട്ട വാര്‍ത്തയാണ് ചര്‍ച്ചയായത്. അതിന് പിന്നില്‍ ചില രാഷ്ട്രീയമുണ്ട്. വ്യക്തിഹത്യ ലക്ഷ്യം വയ്ക്കുന്നവരുടെ ഉപകരണമായി മാധ്യമങ്ങള്‍ മാറരുതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ ശേഷം ഇപി പറഞ്ഞു.












Click it and Unblock the Notifications