മലപ്പുറത്തും കൊല്ലത്തും ബ്ലാക്ക് ഫംഗസ് രോഗം; തിരൂര്‍ സ്വദേശിയുടെ കണ്ണ് എടുത്തുമാറ്റി, ലക്ഷങ്ങള്‍ ചെലവ്
മലപ്പുറം: കൊറോണ രോഗം ഭേദമാകുന്നവരില്‍ ബ്ലാക്ക് ഫംഗസ് ബാധ കാണുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. തിരൂര്‍ സ്വദേശിക്ക് കൊറോണ രോഗം ഭേദമായ ശേഷമാണ് ബ്ലാക്ക് ഫംഗസ് ബാധ കണ്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ഒരു കണ്ണ് എടുത്തുമാറ്റുകയും ചെയ്തു. ചികില്‍സയ്ക്ക് ലക്ഷങ്ങളാണ് ചെലവ്. ഒരാഴ്ചയായപ്പോഴേക്കും 7 ലക്ഷം രൂപ ചെലവായി. ഇനിയും ചികില്‍സ വേണം. തിരൂര്‍ ഏഴൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന 62കാരനാണ് രോഗം. കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഏഴാമത്തെ വ്യക്തിയാണിദ്ദേഹം. പൊടുന്നനെ വന്ന രോഗം കുടുംബത്തെ തീരാ ദുരത്തിലേത്ത് തള്ളിവിട്ടിരിക്കുകയാണ്. നേരത്തെ കൊല്ലം ജില്ലയിലും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊല്ലത്ത് ഒരു യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ആദ്യത്തെ കേസാണ തിരൂരിലേത്.

ഏപ്രില്‍ 22നാണ് തിരൂര്‍ സ്വദേശിക്ക് കൊറോണ രോഗം ബാധിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. രോഗം ഭേദമായി ഈ മാസം വീട്ടിലെത്തി. പിന്നീടാണ് കണ്ണിന് പ്രയാസം നേരിട്ടത്. കോട്ടക്കലിലെ ആശുപത്രിയില്‍ ചികില്‍സ തേടി. ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഫംഗസ് ബാധ വ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഒരു നേരത്തെ മരുന്നിന് 25000 രൂപ വേണമെന്ന് കുടുംബം പറയുന്നു. കൂടെ നില്‍ക്കേണ്ടി വന്നതിനാല്‍ മകന് ജോലി നഷ്ടമായി. പ്ലംബറായിരുന്നു രോഗം ബാധിച്ച വ്യക്തി.
ചര്‍മത്തിലാണ് ബ്ലാക്ക് ഫംഗസ് സാധാരണ കാണാറുള്ളത്. അതിവേഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാന്‍ ഇടയുണ്ട്. കൊവിഡ് ചികില്‍സയ്ക്ക് ശേഷം അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ നിസാരമായി കാണരുത്. വേഗത്തില്‍ ചികില്‍സ തേടിയാന്‍ സുഖം പ്രാപിക്കാം. ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയല്ല. പ്രമേഹം, ക്യാന്‍സര്‍ രോഗികളിലാണ് കൂടുതല്‍ സാധ്യതയുള്ളത്. സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഈ രോഗത്തിന് കാരണമാകും.
കൊവിഡ് ചികില്‍സാ വേളയില്‍ സ്റ്റിറോയ്ഡ് ഉപയോഗിച്ചതാണ് പ്രശ്‌നമെന്നും വിലയിരുത്തുന്നു. മൂക്കില്‍ നിന്ന് രക്തം വരിക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, വീക്കം എന്നിവയുണ്ടാകുക. അണ്ണാക്കില്‍ നിറവ്യത്യാസം കാണുക, കാഴ്ച മങ്ങുക, പല്ല് വേദന, ശ്വാസ തടസം, തലവേദന എന്നിവയെല്ലാം ലക്ഷണമാണ്. മറ്റു പല സംസ്ഥാനങ്ങളിലും കൊറോണ രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും ഇത് കൂടിവരുന്നു എന്നാണ് സൂചന.












Click it and Unblock the Notifications