'കറുപ്പിന് വിലക്കില്ലെന്ന് ചിത്രം ; വിലക്കെന്ന് വാർത്ത'; നിലപാട് നല്ല ലക്ഷണമല്ല',മാധ്യമങ്ങൾക്കെതിരെ ജയരാജൻ

കണ്ണൂർ: കറുപ്പിനോട് വെറുപ്പില്ലെന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും എന്നാൽ ഇപ്പോൾ അതേ പ്രചരണം വീണ്ടും ചില മാധ്യങ്ങളും പ്രതിപക്ഷവും ആരംഭിച്ചിരിക്കുകയാണെന്നും സി പി എം നേതാവ് എം വി ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തിരുന്നു. നടൻ മോഹൻലാലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതും കറുത്ത കുർത്ത ധരിച്ചാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയുടെ കളറും കാറിന്റെ കളറും കറുപ്പ് തന്നെയാണ്. എന്നിട്ടും തങ്ങൾ വിലക്കെന്ന് പ്രചരിപ്പിക്കും എന്ന മാധ്യമ പ്രവർത്തനത്തെ കൊല്ലുന്ന ധാർഷ്ട്യമാണ് ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
വിലക്കില്ലെന്ന് ചിത്രം ; വിലക്കെന്ന് വാർത്ത - ഒരു വാർത്തയിൽ പല നിലപാട് നല്ല ലക്ഷണമല്ല
കറുപ്പിനോട് വെറുപ്പില്ലെന്നത് മുഖ്യമന്ത്രി ഓഫീസ്തന്നെ മുമ്പ് വ്യക്തമാക്കിയതാണ്. ഇപ്പോൾ വീണ്ടും അതേ പ്രചരണം പ്രതിപക്ഷവും, ചില മാധ്യങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ. പിണറായി കറുപ്പിന് വിലക്ക് ഏർപ്പെടുത്തിയെങ്കിൽ, കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി സ. പി എ മുഹമ്മദ് റിയാസ് എത്തില്ലായിരുന്നല്ലോ. മാത്രമല്ല, മോഹൻലാൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതും കറുത്ത കുർത്ത ധരിച്ചാണല്ലോ. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയുടെ കളറും കാറിന്റെ കളറും കറുപ്പ് തന്നെയല്ലേ.!
ഇവിടെ, കറുപ്പിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാലും, തങ്ങൾ വിലക്കെന്ന് പ്രചരിപ്പിക്കും എന്ന, മാധ്യമ പ്രവർത്തനത്തെ കൊല്ലുന്ന ധാർഷ്ട്യമാണ് ചില മാധ്യമങ്ങൾ വച്ചുപുലർത്തുന്നത്. കറുപ്പിന് വിലക്കില്ലെന്നതിന് ഇത്തരം മാധ്യങ്ങൾ നൽകിയ ചിത്രങ്ങൾ, വീഡിയോകൾ തന്നെയാണ് തെളിവ്. എന്നിട്ടും അതേ ചിത്രങ്ങൾ, വീഡിയോ നൽകി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പിന് വിലക്കെന്ന് വിളിച്ചുപറയാനും എഴുതിപ്പിടിപ്പിക്കാനും ഇത്തരം മാധ്യമങ്ങൾ തയ്യാറാവുമ്പോൾ, ചിത്രം സാക്ഷ്യപ്പെടുത്തുണ്ട്, ഒരു വാർത്തയിൽ പല നിലപാട് നല്ല ലക്ഷണമല്ല എന്നേ ഓർമപ്പെടുത്താനുള്ളൂ..', ജയരാജൻ കുറിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കിനും തുണികൾക്കും വിലക്ക് ഏർപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ എത്തുന്ന മരണവീടുകളിൽ പോലും പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രങ്ങൾക്കു വിലക്ക് ആണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഈ രീതിയിൽ ജനങ്ങളെ ഭയന്ന് ഒളിച്ചോടിയിട്ടില്ലെന്നും യുഡിഎഫ് നേതാക്കൾ വിമർശിച്ചിരുന്നു.












Click it and Unblock the Notifications