'ഉയിര് പോകാഞ്ഞത് ഭാഗ്യം': കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം, പുറത്തെടുക്കാന്‍ ഉണ്ണിത്താനും
കണ്ണൂർ: കെ പി സി സി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്രത്തിനായി ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു. കൂടോത്രത്തിന് ഉപയോഗിച്ച തകിട് ഉള്‍പ്പെടേയുള്ള വസ്തുക്കള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഒന്നര വർഷം മുമ്പുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടേയും പൂജാരിയുടേയും സാന്നിധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുക്കുന്നത്. കൂടോത്ര വസ്തുക്കള്‍ കണ്ടെടുത്ത കാര്യം കെ പി സി സി അധ്യക്ഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ സുധാകരൻ ഉണ്ണിത്താനോട് പറയുന്നതും പുതിയ വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ പറയുന്നുമുണ്ട്.

കാലിന്റെ ബലം കുറയണമെന്നൊക്കെയുള്ള ലക്ഷ്യത്തോടെയാണ് കൂടോത്രം ചെയ്തതെന്നാണ് വീടിന്റെ ആകൃതി വരച്ച് വെച്ചിട്ടുള്ള തകിട് പരിശോധിച്ചുകൊണ്ട് പൂജാരി പറയുന്നത്. ടെന്‍ഷന്‍ വന്ന് ഹൃദയത്തിന് പ്രശ്നം വരാനുള്ള പ്രയോഗങ്ങളും വസ്തുക്കള്‍ കുഴിച്ചെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു. പ്രശ്നം വെച്ച് നോക്കിയപ്പോഴാണ് കൂടോത്രം വെച്ചതായി കണ്ടെത്തിയതെന്നും ഇത്തരമൊരു പരിശോധന നടത്താന്‍ നിർദേശിച്ചത് പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നു.
കണ്ണൂരിലെ വീട്ടില്‍ നിന്ന് മാത്രമല്ല, ഡല്‍ഹിയെ എംപി ഓഫീസ്, കെ പി സി സി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും കൂടോത്ര വസ്തുക്കള്‍ പുറത്തെടുത്തതായി സൂചനയുണ്ട്. കെ പി സി സി ഓഫിസിലും കൂടോത്രം വച്ചിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ടെന്നായിരുന്നു ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള കെ സുധാകരന്റെ പ്രതികരണം. ഇതിലൂടെയൊന്നും എന്നെ അപായപ്പെടുത്താന്‍ സാധിക്കില്ല. അതിന് ആരും മിനക്കെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications