സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാലാണ് നിയന്ത്രണം പോകുന്നത് എന്നറിയില്ല: രാഹുല്‍ ഈശ്വറിന് ഹണി റോസിന്റെ മറുപടി
ബോബി ചെമ്മണ്ണൂരിനെ പരാതി നല്‍കിയ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്ത് വരുന്നത്. പണത്തിന്റെ ഹുങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ എന്തും വിളിച്ച് പറയാമെന്ന ധാർഷ്ട്യത്തിന് നല്‍കിയ കനത്ത തിരിച്ചടിയാണ് ഇതെന്നും താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു. മറുവശത്ത് ഈ വിഷയത്തിലും ഹണി റോസിനെ വിമർശിക്കുകയും ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് രാഹുല്‍ ഈശ്വർ.
'ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ വിവിധ ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തുകൊണ്ടായിരുന്നു രാഹുല്‍ ഈശ്വർ ഹണി റോസിന്റെ വസ്ത്ര ധാരണ രീതിയെ അടക്കം വിമർശിച്ചത്. ഹണി റോസ് സ്വയം മാർക്കറ്റ് ചെയ്‌തുവെന്നും തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്ന് അടക്കമുള് ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. എന്നാല്‍ ഇപ്പോഴിതാ രാഹുല്‍ ഈശ്വറിന് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി ഹണി റോസ് രംഗത്ത് വന്നിരിക്കുകയാണ്.

സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യമാക്കുമെന്നും ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം രാഹുല്‍ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായതെന്നും ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചു.
'ശ്രീ രാഹുൽ ഈശ്വർ, താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.' ഹണി റോസ് കുറിച്ചു.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം - ഹണി റോസ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, ആൺ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതിൽ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെട്ടിരുന്നു. കുന്തി എന്ന് വിളിക്കുന്നതൊന്നും ഒരുകാലത്തും യോജിക്കാൻ സാധിക്കില്ല. പക്ഷെ മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടൻ ഇതേ ഡയലോഗ് ഇതേ അഭിനേത്രിയോട് പറയുകയും അതിന് ആൾക്കാര് കൈയ്യടിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ ഡയലോഗ് സിനിമയിൽ പറഞ്ഞിട്ട് പ്രതിഫലം മേടിച്ചതിന് ശേഷം തന്റെ ഈ ചെയ്തികൾക്ക് യാതൊരു റിഫ്ലക്ഷൻസും ഉണ്ടാകില്ലെന്ന് ആരും കരുതരുതെന്നും രാഹുല്‍ ഈശ്വർ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ അത്തരം ഒരു ഡയലോഗ് ഇല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications